ആഴക്കടലിലെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ഇന്ത്യയുടെ ആദ്യ ശാസ്ത്രീയ പര്യവേക്ഷണ അന്തര്‍വാഹിനിയായ ‘മത്സ്യ 6000’ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. സമുദ്രയാന്‍ പദ്ധതിക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (എന്‍.ഐ.ഒ.ടി) ആണ് കടലിന്റെ ആഴത്തിലേക്ക് മൂന്ന് പേര്‍ക്ക് സഞ്ചരിക്കാവുന്ന അന്തര്‍വാഹിനി നിര്‍മിക്കുന്നത്. ചാന്ദ്ര പര്യവേക്ഷണത്തിനുള്ള ചന്ദ്രയാനും സൂര്യ പര്യവേക്ഷണത്തിനുള്ള ആദിത്യ എല്‍1നും ശേഷം സമുദ്ര രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ പദ്ധതിയാണ് സമുദ്രയാന്‍.
22 എം.എം കനവും 2.1 മീറ്റര്‍ വ്യാസവുമുള്ള ഉരുക്ക് കൊണ്ട് ഗോളാകൃതിയില്‍ നിര്‍മിച്ചതാണ് അന്തര്‍വാഹിനി. പൈലറ്റും രണ്ട് ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്നതാണ് യാത്രികര്‍. തെര്‍മോപ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച വൃത്താകൃതിയിലുള്ള ജനാലകള്‍ വഴി കടലിന്റെ ഉള്‍വശം യാത്രികര്‍ക്ക് കാണാനാവും. 2024 ലായിരിക്കും ‘മത്സ്യ 6000’ അന്തര്‍വാഹിനിയുടെ ആദ്യ പരീക്ഷണ യാത്ര. സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗത്തിനുള്ള സാങ്കേതികവിദ്യകള്‍ രൂപകല്‍പന ചെയ്യുകയും, വികസിപ്പിക്കുകയും, പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയാണ് സമുദ്രയാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അന്തര്‍വാഹിനിയില്‍ കടലിന്റെ ആറു കിലോമീറ്റര്‍ അഴത്തില്‍ മൂന്നു പേര്‍ക്ക് ശാസ്ത്രീയ പര്യവേക്ഷണം നടത്താന്‍ സാധിക്കും.
‘മത്സ്യ 6000’ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യുഎസ്, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന എന്നിവക്ക് ശേഷം മനുഷ്യന് പര്യവേക്ഷണം നടത്താനുള്ള അന്തര്‍വാഹിനി വികസിപ്പിച്ച ലോകത്തിലെ ആറാമത്തെ രാജ്യമാകും ഇന്ത്യ.
കടലിനടിയിലേക്കുള്ള അന്തര്‍വാഹിനിയുടെ സഞ്ചാര വേഗത സെക്കന്‍ഡില്‍ 30 മീറ്ററാണ്. സമുദ്രനിരപ്പില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ 600 മടങ്ങ് കൂടുതലായിരിക്കും കടലിനടിയിലെ മര്‍ദം. കൂടാതെ, സമുദ്രനിരപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസായി കുറയും. കടലില്‍ 6000 മീറ്റര്‍ ആഴത്തിലേക്കാണ് പര്യവേക്ഷണ അന്തര്‍വാഹിനി സഞ്ചരിക്കുക. ഇതില്‍ 12 മണിക്കൂറാണ് മൂന്നു പേര്‍ ചെലവഴിക്കേണ്ടത്. ഗവേഷണത്തിന് ആറു മണിക്കൂറും തിരികെ മടങ്ങുന്നതിന് മൂന്നു മണിക്കൂറും സമയം വേണ്ടിവരും.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ചൊവ്വയിലെ റോവറിനെ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും, വൈദ്യുത കാന്തിക തരംഗങ്ങള്‍ കടത്തിവിടാന്‍ സാധിക്കാത്തതിനാല്‍ വെള്ളത്തില്‍ 20 മീറ്ററില്‍ താഴെയുള്ളത് നിയന്ത്രിക്കാനാവില്ല. ഇത്രയും ആഴത്തില്‍ ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങള്‍ നിലവിലില്ലെന്നും, സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പ്രാവീണ്യമുള്ള ഒരാളെ കണ്ടെത്തുന്നത് പ്രധാന വെല്ലുവിളിയാണെന്നും എന്‍.ഐ.ഒ.ടി മേധാവി ആനന്ദ് രാമദാസ് വ്യക്തമാക്കി.
മര്‍ദത്തെ അതിജീവിക്കാന്‍ സാധിക്കുന്ന വസ്തുക്കളാണ് വാഹനത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഗോളാകൃതിയും, ടൈറ്റാനിയം ലോഹക്കൂട്ടും ഉപയോഗിക്കുക വഴി വാഹനത്തിന്റെ ഭാരം കുറക്കാനും, യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. 12 മണിക്കൂര്‍ പര്യവേക്ഷണം കൂടാതെ 96 മണിക്കൂര്‍ ജീവന്‍ നിലനിര്‍ത്താനുള്ള സംവിധാനം അന്തര്‍വാഹിനിയിലുണ്ട്. 1000 മീറ്റര്‍ ആഴത്തില്‍ ഗ്യാസ് ഹൈഡ്രേറ്റുകളും 5000 മീറ്ററില്‍ ലോഹങ്ങളാല്‍ സമ്പന്നമായ പോളി മെറ്റാലിക് നോഡ്യൂളുകളും 3000 മീറ്ററില്‍ ഹൈഡ്രോതെര്‍മല്‍ സള്‍ഫൈറ്റുകളും ലഭ്യമാണ്. ഈ ധാതുക്കള്‍ കണ്ടെത്താനും പര്യവേക്ഷണം ചെയ്യാനും അന്തര്‍വാഹിനി ആവശ്യമാണെന്ന് ആനന്ദ് രാമദാസ് ചൂണ്ടിക്കാട്ടുന്നു.