അഡോബിയുടെ ഇമേജ് എഡിറ്റിക് സോഫ്റ്റ് വെയറായ ‘ഫോട്ടോഷോപ്പ്’ ഇനി വെബ്ബിലും ലഭിക്കും. ഫോട്ടോഷോപ്പിന്റെ നിലവിൽ ലഭ്യമായ എല്ലാ പ്ലാനുകളും ഏഴ് ദിവസത്തെ സൗജന്യ ട്രയൽ ഓഫറോടുകൂടി ആസ്വദിക്കാനാവും. ഫോട്ടോഷോപ്പ് സോഫ്റ്റ് വെയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ വെബ് ബ്രൗസർ ഉപയോഗിച്ച് ഫോട്ടോഷോപ്പ് വെബ്സൈറ്റ് ആക്സസ് ചെയ്യാനാവും.
ഏത് ഫോട്ടോഷോപ്പ് ഡോക്യുമെന്റും വെബ് വേർഷനിൽ തുറന്ന് എഡിറ്റ് ചെയ്യാനും ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഉപഭോക്താക്കൾക്ക് മറ്റുള്ളവരെ ഇൻവൈറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ടാവും. അവർക്ക് നിങ്ങളുടെ ഫയൽ കാണാനും കമന്റ് ചെയ്യാനും സാധിക്കും.
അതേസമയം ക്രോം, എഡ്ജ്, ഫയർഫോക്സ് തുടങ്ങിയ ചില ബ്രൗസറുകളിലാണ് ഫോട്ടോഷോപ്പ് വെബ് ലഭിക്കുക.
ഫോട്ടോഷോപ്പ് വെബ്ബിൽ ഫയർഫ്ളൈ എന്ന എഐ മോഡലും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഡെസ്ക്ടോപ്പ് വേർഷനിൽ അവതരിപ്പിച്ച ജനറേറ്റീവ് ഫിൽ, ജനറേറ്റീവ് എക്സ്പാൻഡ് ഫീച്ചറുകളും വെബ് വേർഷനിൽ അവതരിപ്പിച്ചു. തിരിച്ചറിയാനാവാത്ത വിധം ചിത്രങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് സാധിക്കും. ജനറേറ്റീവ് എഐ ഉപയോഗിച്ചുള്ള ഫീച്ചറുകളാണിവ. ആവശ്യമായ മാറ്റങ്ങൾ ആവശ്യപ്പെട്ടുള്ള നിർദേശങ്ങൾക്ക് അനുസരിച്ചാണ് ഇത് പ്രവർത്തിക്കുക.
എന്നാൽ ഡെസ്ക് ടോപ്പ് വേർഷനിലെ മുഴുവൻ ഫീച്ചറുകളും വെബ് വേർഷനിൽ ലഭിക്കില്ല. എന്നാൽ പാച്ച് ടൂൾ, പെൻ ടൂൾ, സ്മാർട് ഒബ്ജക്ട് സപ്പോർട്ട്, പോളിഗണൽ ലാസ്സോ തുടങ്ങിയ ടൂളുകൾ വെബ് വേർഷനിലുണ്ട്. ഫോട്ടോഷോപ്പ് വെബ് ഉപയോഗിക്കാൻ https://photoshop.adobe.com/discover എന്ന യുആർഎൽ ഉപയോഗിക്കാം.