മെഷീന് ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്സ്ആപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിട്ടത്. ഓപ്പണ്‍ എഐയുടെ DALL-E അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണ് ഈ ഫീച്ചര്‍. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ നിരവധി കമ്പനികള്‍ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.
ചാറ്റ് എക്സ്പീരിയന്‍സ് മെച്ചപ്പെടുത്താന്‍ എഐ സ്റ്റിക്കറുകള്‍ ഉപകരിക്കുമെന്നാണ് മെറ്റ വിലയിരുത്തല്‍. മെറ്റയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ‘ലാമ 2-ല്‍ നിന്നുള്ള സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷനായുള്ള അടിസ്ഥാന മോഡലും ഉപയോഗിച്ച്, ആപ്പിന്റെ എഐ ടൂള്‍ ടെക്സ്റ്റ് പ്രോംപ്റ്റുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നിലധികം സവിശേഷവും ഉയര്‍ന്ന നിലവാരമുള്ളതുമായ സ്റ്റിക്കറുകളാക്കി മാറ്റുന്നു. നിലവില്‍ എല്ലാ വാട്സ്ആപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്. ഉപയോക്താക്കളുടെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. അയച്ചു കഴിഞ്ഞാല്‍, ഈ എഐ സ്റ്റിക്കറുകള്‍ സ്വയമേ സ്റ്റിക്കര്‍ ട്രേയില്‍ ദൃശ്യമാകും. എപ്പോള്‍ വേണമെങ്കിലും കോണ്‍ടാക്റ്റുകളുമായി ഷെയര്‍ ചെയ്യാനാകും. എഐ സ്റ്റിക്കറുകള്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. അതിനാല്‍ എഐ സ്റ്റിക്കറുകള്‍ സൃഷ്ടിക്കുന്നതിനായി ഉപയോക്താക്കള്‍ ഇംഗ്ലീഷില്‍ വിവരണങ്ങള്‍ നല്‍കണം. റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
കഴിഞ്ഞ ദിവസം ചാറ്റ്ലോക്കിന് പിന്നാലെ ചാറ്റുകള്‍ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് വാട്സ്ആപ്പെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോള്‍ഡറിന് ഇഷ്ടപ്പെട്ട പാസ്വേഡ് തെരഞ്ഞെടുക്കാന്‍ അനുവദിക്കും. വൈകാതെ വാട്സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാബെറ്റ് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഉടനെ തന്നെ എല്ലാ വാട്സ്ആപ്പുകളിലും ഈ ഫീച്ചറിലും ലഭ്യമാക്കിയേക്കും.