ഇന്ത്യന്‍ കാക്കകളെ രാജ്യത്ത് നിന്ന് തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് വിരുന്നെത്തിയ കാക്കകളുടെ ശല്യം രൂക്ഷമായതോടെയാണ് നടപടി. ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് സൗദിയില്‍ വീണ്ടും ഇന്ത്യന്‍ കാക്കകളുടെ ശല്യം രൂക്ഷമാകുന്നത്.
ചെറുപ്രാണികളെ മുഴുവന്‍ കാക്കകള്‍ ഭക്ഷണമാക്കുന്നു. ഇത് തുടരുകയാണെങ്കില്‍ പല ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ പോലും ബാധിക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവെച്ചു. ഇതോടെയാണ് ദേശീയ വന്യജീവി വികസന കേന്ദ്രം കാക്കകളെ തുരത്താനുളള നടപടിക്ക് തുടക്കം കുറിച്ചത്. കാക്കകള്‍ പെരുകാതിരിക്കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നുണ്ട്. കാക്കകളുടെ എണ്ണമെടുക്കല്‍ ഉള്‍പ്പെടെയുളള വിവരശേഖരണം അധികൃതര്‍ പൂര്‍ത്തിയാക്കി.
രാജ്യത്ത് വിരുന്നെത്തിയ കാക്കകള്‍ മടങ്ങിപ്പോകാത്തതാണ് പ്രതിസന്ധിക്ക് കാരണം. തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ചെങ്കടലിലുള്ള ഫറസാന്‍ ദ്വീപിലാണ് കാക്കകളുടെ ശല്യം ഏറ്റവും കൂടുതലായിട്ടുള്ളത്. വൈദ്യുത ലൈനുകളില്‍ കൂടുകൂട്ടി വൈദ്യുതി തടസമുണ്ടാക്കുന്നതടക്കം വലിയ ശല്യമാണ് കാക്കകള്‍ ഉണ്ടാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കാക്കകളുടെ വരവോടെ ആ പ്രദേശത്തെ ചെറുജീവികളുടെ എണ്ണം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.