ഡൽഹിയിലെ പ്രമുഖ അഭിഭാഷകയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 50 ലക്ഷം, ഫോണിൽ മൂന്ന് മിസ്ഡ്കോൾ വന്നതിന് ശേഷം പണം നഷ്ടപ്പെടുകയായിരുന്നു. ഡൽഹിയിലെ എത്തിയ പരാതികളിൽ പറയുന്ന കാര്യങ്ങാളാണിത്. സ്മാർട്ട് ഫോൺ ഉപയോക്താക്കളെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് സിം സ്വാപ്പിംഗ് എന്ന പുതിയ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. നിങ്ങളുടെ സിം കാർഡിലേക്ക് തട്ടിപ്പ് സംഘം അനധികൃതമായി ആക്സസ് നേടി തട്ടിപ്പ് നടത്തുന്ന രീതിയാണ് സിം സ്വാപ്പിംഗ്.
ഈ രീതിയിൽ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പ് സംഘം കൈക്കലാക്കിയാൽ, ഫോണിലേക്ക് വരുന്ന ഒടിപി തട്ടിപ്പ് സംഘത്തിന് മനസിലാക്കാൻ സാധിക്കും. ഇങ്ങനെ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് സംഘം പണം തട്ടിയെടുക്കുന്നത്. ഡൽഹിയിലെ അഭിഭാഷകയുടെ അക്കൗണ്ടിൽ നിന്നും 50 ലക്ഷം രൂപയാണ് നഷ്ടമായത്. അഭിഭാഷക ഫോണിൽ വന്ന ഒടിപി ആർക്കും ഷെയർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. തുടർച്ചയായ മൂന്ന് മിസ്കോൾ ഫോണിൽ വന്ന ശേഷമാണ് പണം നഷ്ടമായതെന്ന് അഭിഭാഷക പറയുന്നു.
എന്താണ് സിം സ്വാപ്പിംഗ്?
നിങ്ങളുടെ സിമ്മിന്റെ നിയന്ത്രണം അനധികൃതമായ രീതിയിൽ തട്ടിപ്പ് സംഘം സ്വന്തമാക്കുന്ന രീതിയാണ് സിം സ്വാപ്പിംഗ് എന്ന് പറയുന്നത്. തട്ടിപ്പുകാർക്ക് നിങ്ങളുടെ സിമ്മിന്റെ നിയന്ത്രണം ലഭിച്ചാൽ സന്ദേശം അയക്കുകയോ വിളിക്കുകയോ ചെയ്യാം. നിങ്ങൾ ഫോണിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും തട്ടിപ്പ് സംഘത്തിനും ചെയ്യാൻ സാധിക്കും. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറാണെങ്കിൽ അക്കൗണ്ടിൽ നിന്ന് ഒടിപി ഉപയോഗിച്ച് പണം തട്ടിയെടുക്കാനും ഈ സംഘത്തിന് സാധിക്കും.
തട്ടിപ്പിൽ നിന്നും രക്ഷ നേടാൻ?
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പിനിരയാകുന്നത് തടയാം.
- സംശയം തോന്നുന്ന ഒരു വ്യക്തിയെ പോലും നിങ്ങളിലേക്ക് അടുപ്പിക്കാതിരിക്കുക.
- സിം ലോക്ക്ഡ് എന്ന രീതിയിൽ എന്തെങ്കിലും സന്ദേശം ലഭിച്ചാൽ നിങ്ങളുടെ സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെടുക.
- സിം ലോക്ക് ചെയ്യാനുള്ള സൗകര്യം ഫോണിൽ ലഭ്യമാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ സിം സുരക്ഷിതമാക്കാൻ സാധിക്കും.
- കൃത്യമായ ഇടവേളകളിൽ എല്ലാ പാസ്വേർഡുകളും മാറ്റം വരുത്തുക.
- സംശയം തോന്നുന്ന രീതിയിലുള്ള എന്തെങ്കിലും ട്രാൻസാക്ഷൻ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക.
- ടു ഫാക്ടർ ഒതന്റിഫിക്കേഷൻ ടെക്നോളജി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമാക്കുക.