പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കരിയും പുകയും കൂടാതെ, അടുക്കളയിലെ പൊടിയുമെല്ലാം പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് എക്സോസ്റ്റ് ഫാന്‍. എല്ലാ അടുക്കളയിലും നിര്‍ബന്ധമായും വേണ്ട ഒന്നാണിത്, പക്ഷേ വൃത്തിയാക്കാന്‍ അത്ര എളുപ്പമല്ല എന്നതാണ് ഒരു പ്രശ്നം. എന്നാല്‍, ഒന്നു മനസ്സ് വച്ചാല്‍ ഇത് എളുപ്പത്തില്‍ വൃത്തിയാക്കി എടുക്കാവുന്നതെയുള്ളൂ.
വെള്ളവും സോപ്പും ഉപയോഗിച്ച്
എക്സോസ്റ്റ് ഫാനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമെഴുക്കും പൊടിയുമെല്ലാം കളയാന്‍ ചൂടുവെള്ളവും സോപ്പും കലർത്തി ഉപയോഗിക്കാം. ഇതിനായി സാധാരണ ഡിഷ് വാഷിങ് സോപ്പ് മതി. ഒരു പാത്രത്തില്‍ ചൂടുവെള്ളവും സോപ്പും കൂടി മിക്സ് ചെയ്ത്, അതില്‍ ഒരു തുണി മുക്കിപ്പിഴിയുക. ഫാനിന്‍റെ എല്ലാ ഭാഗങ്ങളും ഇത് ഉപയോഗിച്ച് അമര്‍ത്തി തുടയ്ക്കുക. ക്ലീനിംഗ് ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഫാൻ സ്വിച്ച് ഓഫ് അല്ലെങ്കിൽ അൺപ്ലഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക
വിനാഗിരി ലായനി ഉപയോഗിച്ച് എക്സോസ്റ്റ് ഫാന്‍ വൃത്തിയാക്കാം. ഇതിനായി അല്‍പ്പം വിനാഗിരി എടുത്ത് കുറച്ചു വെള്ളത്തില്‍ കലര്‍ത്തി ഫാനിനു മുകളില്‍ തുണി ഉപയോഗിച്ച് തടവുക. നന്നായി അമര്‍ത്തി തുടച്ചാല്‍ ചെളിയും കറയും പോകുന്നത് കാണാം.
എല്ലാ അടുക്കളയിലും കാണുന്ന വളരെ ഫലപ്രദമായ ക്ലീനിംഗ് ഏജൻ്റ് ആണ് ബേക്കിങ് സോഡ. ഇത് പാടുകൾ അനായാസമായി നീക്കം ചെയ്യാൻ സഹായിക്കുന്നു. എക്സോസ്റ്റ് ഫാൻ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം. ഇതിനായി കുറച്ചു വെള്ളത്തില്‍ ബേക്കിങ് സോഡ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഫാനിന്‍റെ മുകളില്‍ പുരട്ടുക. ഉണങ്ങിയ ശേഷം, നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക.
എണ്ണ, കറ, ബാക്ടീരിയ എന്നിവയെല്ലാം വൃത്തിയാക്കാന്‍ നാരങ്ങാനീരിനു കഴിയും. നാരങ്ങാനീര് വെള്ളത്തിൽ കലർത്തി നനഞ്ഞ തുണി ഉപയോഗിച്ച് ഫാനിലുടനീളം തടവാം. അല്ലെങ്കില്‍ സ്പ്രേ ചെയ്യാം. കുറച്ചു നേരം കഴിഞ്ഞ് തുടച്ചു കളഞ്ഞാല്‍ ഫാൻ പുതിയത് പോലെ തിളങ്ങും!