എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി വി ഷാജികുമാറിന്റെ ‘മരണവംശം’ എന്ന നോവൽ സിനിമ ആകുന്നു. നടനും സംവിധായകനുമായ രാജേഷ് മാധവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മരണവംശം, ഷാജികുമാറിന്റെ ആദ്യ നോവലാണ്. കാസർകോടിനും കർണാടകയ്ക്കും അതിർത്തിയായി ഉള്ള ഏര്‍ക്കാന എന്ന സാങ്കർപ്പിക പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണ് മരണവംശം. മൂന്ന് തലമുറകളുടെ സ്നേഹവും പ്രതികാരവുമാണ് ഇതിവൃത്തം. വലിയ ക്യാൻവാസിൽ ബിഗ് ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം തുടങ്ങിയ കഥാസമാഹാരങ്ങൾ രചിച്ച ഷാജികുമാർ, ടേക്ക് ഓഫ്, കന്യക ടാക്കീസ്, ടീച്ചര്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ പുത്തന്‍പണം എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് പി വി ഷാജികുമാര്‍ ആയിരുന്നു.
അതേസമയം, രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെണ്ണും പൊറാട്ടും’. ഫെബ്രുവരി 10ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സെമി ഫാൻറ്റസി ജോണറിൽ ഒരുങ്ങുന്ന രചന നിർവഹിക്കുന്നത് രവിശങ്കർ ആണ്. റാണി പദ്മിനി, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങൾക്ക് ശേഷം രവിശങ്കർ രചിക്കുന്ന സിനിമയാണിത്. മഹേഷിന്റെ പ്രതികാരം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.
കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവൻ. ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് രാജേഷ് മാധവൻ സിനിമ മേഖലയിലെത്തിയത്. ഏഷ്യാനെറ്റ് ന്യൂസില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്തിട്ടുണ്ട്. പ്രൊഡക്ഷൻ കണ്‍ട്രോളറായി എത്തിയ രാജേഷ് മഹേഷിന്റെ പ്രതികാരത്തിലൂടെ അഭിനേതാവായി. പിന്നീട് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, 18+, മദനോല്‍സവം, ന്നാ താന്‍ കേസ് കൊട്, കനകം കാമിനി കലഹം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളിൽ രാജേഷ് മാധവൻ നിറസാന്നിധ്യമായിരുന്നു.