മെസേജ് അയയ്ക്കാൻ മാത്രമല്ല, കോളുകൾ വിളിക്കാനും ഗ്രൂപ്പ് കോളുകൾ വിളിക്കാനും വീഡിയോ കോളുകൾ വിളിക്കാനും പണമയയ്ക്കാനും ബാങ്ക് ബാലൻസ് അറിയാനും പല ടിക്കറ്റുകളും ബുക്ക് ചെയ്യാനും തുടങ്ങി എണ്ണമറ്റ സൗകര്യങ്ങൾ വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. വാട്സ്ആപ്പ് ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന വിധത്തിൽ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ടാണ് പുതിയ ഫീച്ചറുകൾ എത്താറുള്ളത് വാട്സ്ആപ്പ് ഉപയോക്താക്കളിൽ പലരുടെയും ഇഷ്ട വിനോദങ്ങളിൽ ഒന്നാണ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യലും മറ്റുള്ളവരുടെ സ്റ്റാറ്റസ് നിരീക്ഷിക്കലും. ടെക്സ്റ്റ്, വോയിസ്, മ്യൂസിക്, വീഡിയോ, ചിത്രങ്ങൾ, ഇമോജികൾ തുടങ്ങി എന്തും കോണ്ടാക്ട് ലിസ്റ്റിലുള്ള മറ്റ് വാട്സ്ആപ്പ് ഉപയോക്താക്കളുമായി പങ്കുവയ്ക്കാൻ വാട്സ്ആപ്പിന്റെ സ്റ്റാറ്റസ് ഓപ്ഷൻ സൗകര്യം നൽകുന്നു.
വാട്സ്ആപ്പ് ഉപയോക്താക്കളിൽ നിരവധി പേർ സ്റ്റാറ്റസ് ഇടാറുണ്ട്. ഇപ്പോൾ സ്റ്റാറ്റസ് സൗകര്യത്തിലേക്ക് പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ച് സ്റ്റാറ്റസിനെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇടനിലക്കാരനാക്കാനുള്ള പുതിയൊരു നീക്കത്തിലാണ് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ. തങ്ങളെ മെൻഷൻ ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റാറ്റസുകൾ ഇനി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് റീപോസ്റ്റ് ചെയ്യാനാകും എന്നതാണ് വരാൻപോകുന്ന പുതിയ ഓപ്ഷൻ. ഇപ്പോൾ മറ്റൊരാളുടെ ഏതെങ്കിലും സ്റ്റാറ്റസ് നമുക്കും സ്റ്റാറ്റസാക്കണം എന്ന് തോന്നിയാൽ ഒന്നുകിൽ അത് അയാളോട് ചോദിച്ച് വാങ്ങണം. അതല്ലെങ്കിൽ സ്ക്രീൻഷോട്ട് എടുക്കണം. എന്നാൽ ഇത് രണ്ടും ചെയ്യാതെ മറ്റുള്ളവരുടെ സ്റ്റാറ്റസ് (അവർ നമ്മളെ മെൻഷൻ ചെയ്തിട്ടുണ്ടെങ്കിൽ) നമുക്കും സ്റ്റാറ്റസാക്കാം എന്നതാണ് വരാൻ പോകുന്ന റീ ഷെയർ ഫീച്ചർ കൊണ്ട് വാട്സ്ആപ്പ് ഉപയോക്താക്കൾക്കുണ്ടാകുന്ന നേട്ടം നമ്മെ ടാഗ് ചെയ്തിരിക്കുന്ന സ്റ്റാറ്റസുകൾ വീണ്ടും പോസ്റ്റ് ചെയ്യാൻ ഇൻസ്റ്റഗ്രാമിൽ നിലവിൽ സൗകര്യമുണ്ട്. ഇത് വാട്സ്ആപ്പിലേക്കും കൊണ്ടുവരാനാണ് മെറ്റയുടെ ശ്രമം. നിലവിൽ ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എങ്കിലും അധികം വൈകാതെ ഇത് എല്ലാവർക്കുമായി അവതരിപ്പിക്കപ്പെടുമെന്ന് വാട്സ്ആപ്പ് അപ്ഡേറ്റുകൾ പുറത്തുവിടാറുള്ള വാബീറ്റഇൻഫോ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
വാട്സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ പരസ്പര ഇടപെടൽ കാര്യക്ഷമമാക്കാനും നല്ലൊരു ബന്ധം സൃഷ്ടിക്കാനും സൗഹൃദം കൂടുതൽ ശക്തമാക്കാനുമൊക്കെ പുതിയ ഫീച്ചർ വലിയ പങ്ക് വഹിക്കും എന്ന് കരുതപ്പെടുന്നു. വാട്സ്ആപ്പിനെ കൂടുതൽ ഇഷ്ടപ്പെടാൻ ഈ ഫീച്ചർ ഉപയോക്താക്കളെ പ്രേരിപ്പിക്കും എന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്. വാട്സ്ആപ്പ് ഉപയോക്താക്കളും ഏറെ പ്രതീക്ഷയോടെയാണ് ഈ വാർത്തയെ നോക്കിക്കാണുന്നത്.
ഷെയറിങ് ഒരു കെയറിങ് അല്ലേ ചങ്ങാതീ..! ‘സ്നേഹം’ പങ്കിടാൻ സ്റ്റാറ്റസിൽ പുതിയ സൗകര്യവുമായി വാട്സ്ആപ്പ്
