പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ കതിർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ‘മീശ’യിലൂടെയാണ് കതിർ മോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുകയാണ്.
ഏറെ സവിശേഷത നിറഞ്ഞ ഒരു മോഷൻ പോസ്റ്റർ ലോഞ്ച് ആയിരുന്നു ചിത്രത്തിന്റേത്. ‘മീശ’യുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറക്കിയത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്ന് തന്നെയാണ്. സൂപ്പർ താരങ്ങളുടെ പേജുകളിലൂടെയും മറ്റും സിനിമകളുടെ പ്രൊമോഷനൽ കോൺടെന്റ് ലോഞ്ച് ചെയ്യുന്ന രീതിയിൽ നിന്നും ഏറെ വിഭിന്നമാണിത്. സത്യൻ ജി ( പ്രൊഡക്ഷൻ), സൈജു പള്ളിയിൽ (ലൈറ്റ് യൂണിറ്റ് ), വിജയൻ തൊടുപുഴ ( ക്രെയിൻ ചീഫ് ) എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആണ് മീശയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ ലോഞ്ച്. ‘മീശയുടെ അവകാശികൾ’ എന്ന വിശേഷണമാണ് അണിയറക്കാർ ഇവർക്ക് നൽകിയിരിക്കുന്നത്. കതിരും ഷൈൻ ടോം ചാക്കോയും ഹക്കീം ഷായുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധയകൻ എംസി ജോസഫ് തന്നെയാണ്. യൂണികോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രം നിർമിക്കുന്നത്. വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, മാർക്കറ്റിങ്ങ് – എന്റർടൈൻമെന്റ് കോർണർ.