അടിയന്തരാവസ്ഥക്കാലത്തിൻ്റെ കഥ പറയുന്ന ഹിന്ദി ചിത്രം എമർജൻസിയുടെ ട്രെയിലർ പുറത്തിറക്കി. മുംബൈ വെസ്റ്റ് ബാന്ദ്രയിലെ സിനിപോളിസ് ഹാളിൽ വച്ചായിരുന്നു ട്രെയിലർ ലോഞ്ച്. കങ്കണ റണൗട്ട് ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളി നടൻ വിശാഖ് നായർ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശ്രേയസ് തൽപഡെ, അനുപം ഖേർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടൽ ബിഹാരി വാജ്പേയ് ആയി ശ്രേയസ് എത്തുമ്പോൾ അനുപം ഖേർ ജയപ്രകാശ് നാരായണെ അവതരിപ്പിക്കുന്നു. എഴുപതുകളിലെ ഇന്ത്യാ പാക് യുദ്ധവും കഥാ പശ്ചാത്തലം ആകുന്നുണ്ട്. ചിത്രത്തിൻ്റെ സംവിധായകയും സഹ നിർമാതാവും എഴുത്തുകാരിയും കൂടെയാണ് കങ്കണ. കഴിഞ്ഞ നവംബറിൽ റിലീസ് പ്രഖ്യാപിച്ച ചിത്രം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കാരണം പല തവണ വൈകി. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
രാജ്യസ്‌നേഹത്തിന് പകരം അധികാര മോഹത്തിന്മേൽ ഭരണം വരുത്തിവയ്ക്കുന്ന ഭവിഷ്യത്താണ് അടിയന്തിരാവസ്ഥ എന്ന് ചിത്രത്തിൻ്റെ ട്രെയിലർ പറഞ്ഞുവെയ്ക്കുന്നു. സഞ്ജയ് ഗാന്ധിയുടെ ഖലിസ്ഥാൻ വാദ ബന്ധങ്ങളും ട്രെയിലറിൽ ആരോപിക്കുണ്ട്. യഥാർത്ഥ വ്യക്തികളുടെ പേരിൽ മാറ്റം വരുത്താതെ അതുപോലെ ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തിൽ. ഇന്ദിരാ ഗാന്ധിയുടെ ഇന്ത്യാ ഇസ് ഇന്ദിരാ, ഇന്ദിരാ ഇസ് ഇന്ത്യാ എന്ന് ഡയലോഗിൽ ആണ് ട്രെയിലർ അവസാനിക്കുന്നത്. കഥാപരമായി ചിത്രം ഒരേസമയം ഇൻഫർമെറ്റീവും രസകരവും ആയിരിക്കും എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. നൂറ് കോടി ബഡ്ജറ്റിൽ ചിത്രീകരിച്ച സിനിമയുടെ ട്രെയിലർ സാങ്കേതികപരമായി മികച്ചുനിൽക്കുന്നു. രാമേശ്വർ എസ് ഭഗത് എഡിറ്റിങ്ങും ജപ്പാൻ സ്വദേശിയായ തെത്സുവോ നഗാട്ട ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങൾക്ക് ജി വി പ്രകാശ് കുമാറാണ് ഈണം നൽകിയത്. കറുത്ത ഡ്രസ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുക്കാൻ ആരാധകർ എത്തിയത്.