കോഴിക്കോട് ബീച്ചിലേക്ക് മത്തികൾ കൂട്ടത്തോടെയെത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി കടൽ മത്സ്യ പഠന ഗവേഷണ കേന്ദ്രം. ബീച്ചിലേക്ക് മത്തി കൂട്ടത്തോടെ എത്തിയതിന് പിന്നിൽ ചാകരയല്ല. അതൊരു പ്രതിഭാസത്തിന്റെ ഭാഗമാണെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്നലെ രാവിലെ മുതൽ ഉച്ചവരെയായിരുന്നു കോഴിക്കോട് ബീച്ചിൽ മത്തി കൂട്ടത്തോടെ അടിഞ്ഞത്.രാവിലെ 10.30 മുതൽ 12.30 വരെ ആയിരുന്നു മത്തി തിരയ്‌ക്കൊപ്പം കടലിൽ എത്തിയത്. ഇത് കണ്ട സന്ദർശകർ കവറിലും ചാക്കിലുമായി മത്തികൾ വാരിക്കൂട്ടി കൊണ്ടുപോയി. പാത്രങ്ങളുമായി എത്തി പ്രദേശവാസികളും മത്തിവാരിക്കൊണ്ട് പോയി. വിവരം അറിഞ്ഞവർ തീരത്തേയ്ക്ക് കൂട്ടമായി എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ കോസ്റ്റൽ പോലീസും തീരത്തേയ്ക്ക് എത്തി.
മത്തിയുടെ ചാകരയാണെന്നാണ് ആദ്യം കണ്ടവർ വിചാരിച്ചിരുന്നത്. എന്നാൽ ഇതിന് പിന്നിൽ കടൽവെള്ളത്തിന്റെ സാന്ദ്രതാ പ്രതിഭാസം ആണെന്നാണ് കടൽ മത്സ്യ പഠന ഗവേഷണ കേന്ദ്രം പറയുന്നത്. അന്തരീക്ഷ താപനിലയാണ് ഇതിന് കാരണം ആകുന്നത്. സാന്ദ്രത കുറയുമ്പോൾ അടിത്തട്ടിലെ വെള്ളം മുകളിലേക്ക് ഉയരും. ഈ സന്ദർഭത്തിൽ കരയ്ക്ക് അടുത്ത് കൂടി സഞ്ചരിക്കുന്ന മത്തിക്കൂട്ടം തിരയോടൊപ്പം കരയിലേക്ക് തള്ളപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഈ സന്ദർഭത്തിൽ പെട്ടെന്ന് ഉൾക്കടലിലേക്ക് മത്തികൾക്ക് പോകാൻ കഴിയില്ല. അതിനാൽ തീര പ്രദേശത്ത് മത്തി അടിയുന്നത് ഒരു മണിക്കൂർവരെ തുടരും. സാധാരണയായി തെക്കൻ തീരമേഖലകളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണാറുള്ളത്.
Advertisements
Advertisements
Advertisements