മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ട്രെയ്‌ലർ നേരത്തെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇന്നലെ യുട്യൂബിലൂടെയും പങ്കുവച്ച ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറി. 17 മണിക്കൂറുകൾ കൊണ്ട് ട്രെയ്‌ലർ കണ്ടത് 1.6 മില്യൺ ആളുകളാണ്. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിൽ കുട്ടികള്‍ക്കായി സൃഷ്ടിച്ചിരിക്കുന്ന ഒരു കൗതുക ലോകം കാണാം. സംവിധാനത്തിന് പുറമെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. മെയ് 6 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതും നടന്നില്ല. ചിത്രം ഓണത്തിന് എത്തുമെന്നും പ്രേക്ഷകരില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. അതും യാഥാര്‍ഥ്യമായില്ല.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.
Advertisements
Advertisements
Advertisements