സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതര്‍ വര്‍ധിക്കുന്നു

Advertisements
Advertisements

ഇടവിട്ടുള്ള മഴ, മൂടിയ കാലാവസ്ഥ. കൊതുകുകള്‍ പെരുകി ഒപ്പം ഡെങ്കിപ്പനിയും. സംസ്ഥാനത്ത് ഈ വര്‍ഷം 71,461 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളായി സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിലും വന്‍ കുതിപ്പാണുണ്ടായിരിക്കുന്നത്.

ജില്ലാ താലൂക്കാശുപത്രികളില്‍ രാവിലെ മുതല്‍ രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതല്‍ പേരും പനിബാധിച്ച്‌ എത്തുന്നവരാണ്. ഒരു ദിവസം 10,000 പേര്‍ ഇപ്പോള്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്.
ഇവരില്‍ ഒരു വിഭാഗത്തിനാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം മാത്രം 173 ഡെങ്കി സസ്‌പെക്ടഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത്. ഇതില്‍ 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഓരോ തരം ഡെങ്കി വൈറസുകളും ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പ്രതിരോധ ശേഷിയുണ്ടാകുമെന്നാണു കണ്ടെത്തല്‍. കേരളത്തില്‍ ഭൂരിഭാഗം പേരും ഒന്ന്, രണ്ട് തരം ഡെങ്കിവൈറസുകള്‍ ബാധിച്ച് പ്രതിരോധം ആര്‍ജിക്കുമ്പോഴാണ് പുതിയ വൈറസ് ബാധിക്കുന്നത്. ഡെങ്കി ആവര്‍ത്തിക്കുന്നത് ആരോഗ്യം അപകടത്തിലാക്കും. പ്രതിരോധശേഷി കുറഞ്ഞവരില്‍ ഇതു മരണത്തിന് കാരണമാകും. പ്രമേഹം, രക്താതിമര്‍ദ്ദ, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗ പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

Advertisements

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍*

ഡെങ്കി വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് മുതല്‍ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, ഛര്‍ദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഡെങ്കിപ്പനി മൂര്‍ച്ചിച്ച്‌ കഴിഞ്ഞാല്‍ പൊതുവെയുള്ള ലക്ഷണങ്ങള്‍ക്കൊപ്പം അസഹനീയമായ വയറുവേദന, മൂക്കില്‍ നിന്നും വായില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോഛാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛര്‍ദ്ദി, കറുത്ത നിറത്തില്‍ മലം പോകുക, അമിതമായ ദാഹം എന്നീ ലക്ഷണങ്ങള്‍ കൂടി കാണുകയാണെങ്കില്‍ എത്രയും വേഗം വൈദ്യ സഹായം തേടണം.

എങ്ങനെ പ്രതിരോധിക്കാം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നില്‍ക്കുന്നത് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളില്‍ തന്നെ കിടത്താന്‍ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാന്‍ തൊലിപ്പുറത്ത് ക്രീമുകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാല്‍ രോഗിക്ക് മതിയായ വിശ്രമം നല്‍കേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതുമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊതുക് പെറ്റുപെരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനമായും നടത്തേണ്ടത്. വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം. മഴയെ തുടര്‍ന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞ് കുടിയിട്ടുള്ള കുപ്പികള്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍, ബോട്ടിലുകള്‍, ടയറുകള്‍ എന്നിവയെല്ലാം നീക്കം ചെയ്യേണ്ടതാണ്. ഇവയിലുള്ള വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് വളരും. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിന് പുറകിലുള്ള ട്രേ, ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്യണം. റബ്ബര്‍ തോട്ടങ്ങളിലുള്ള ചിരട്ടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച്‌ കളഞ്ഞ് കമിഴ്ത്തിവെക്കണം.
വീട്ടിലും പരിസരത്തിലും കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിൽ ഒരു ദിവസം നിര്‍ബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം. സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വേസ്റ്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച്‌ മുടാന്‍ ശ്രദ്ധിക്കണം. കൊതുക് വല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുക് കടിയില്‍ നിന്നും രക്ഷ തേടേണ്ടതാണ്.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights