ലോകത്തിലെ ആദ്യത്തെ ട്രാൻസ്പരന്റ ഒഎൽഇഡി ടിവിയുമായി എൽജി. എൽജി സിഗ്‌നേച്ചർ ഒഎൽഇഡി ടി എന്ന് പേരിട്ടിരിക്കുന്ന ടിവി കഴിഞ്ഞ ദിവസം അമേരിക്കയിലാണ് പുറത്തിറങ്ങിയത്. തുടക്കത്തിൽ അമേരിക്കയിൽ മാത്രം ലഭ്യമാവുന്ന എൽജി സിഗ്‌നേച്ചർ ഒഎൽഇഡി ടി അത്യാധുനിക ടെക്‌നോളജിയുമായിട്ടാണ് എത്തുന്നത്.
77 ഇഞ്ച് സ്‌ക്രീനിൽ എത്തുന്ന ടിവി 4 കെ പാനലാണ്. അഡ്വാൻസ്ഡ് ആൽഫ 11 എഐ പ്രോസസർ, സീറോ കണക്ട് ടെക്‌നോളജി എന്നിവയും ടിവിയുടെ പ്രത്യേകതയാണ്. പ്രീമിയം പ്രോഡക്റ്റായി ഒരുങ്ങിയ ഈ ടിവിയുടെ വില പക്ഷേ സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതല്ല. 60,000 ഡോളർ (ഏകദേശം 51.1 ലക്ഷം രൂപ) ആണ് ടിവിയുടെ വില.
എൽജിയുടെ മുൻ മോഡലുകളെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ വേഗത്തിലാണ് ടിവി പ്രവര്‍ത്തിക്കുക. അൾട്രാ-ഹൈ-ഡെഫനിഷൻ റെസലൂഷൻ (3,840ഃ 2,160) ആണ് ദൃശ്യങ്ങൾക്ക് എൽജി വാഗ്ദാനം ചെയ്യുന്നത്. ഒരേസമയം ട്രാൻസ്പരന്റ് ആയും അല്ലാതെയും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ടിവി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഗെയിം ആരാധകർക്കും പുതിയ ടിവി പ്രാധാന്യം നൽകുന്നുണ്ട്. ഓട്ടോ ലോ ലാറ്റൻസി മോഡ് (ALLM), വേരിയബിൾ റീഫ്രഷിങ്, അഡാപ്റ്റീവ് മിക്‌സിങ് എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകൾ ഗെയിമുകൾക്കായി ടിവി വാഗ്ദാനം ചെയ്യുന്നുണ്ട്. AI, DTS:X, Dolby Atmos എന്നിവയെ പിന്തുണയ്ക്കുന്ന 4.2-ചാനൽ സ്പീക്കർ ആണ് ടിവിയ്ക്ക് ഉപയോഗിക്കുന്നത്.