ഓൺലൈൻ തട്ടിപ്പു നടത്തുന്നവർ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോം വാട്സ്ആപ്പ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവ വഴിയും വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. 2024ലെ ആദ്യ മൂന്ന് മാസം വാട്സ്ആപ്പ് വഴി തട്ടിപ്പ് നേരിട്ടതുമായി ബന്ധപ്പെട്ട് 43, 797 പരാതികളാണ് ലഭിച്ചത്. ഇതേകാലയളവിൽ ടെലഗ്രാമിനെതിരെ 22,680 പരാതികളും ഇൻസ്റ്റഗ്രാമിനെതിരെ 19,800 പരാതികളും ലഭിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
സൈബർ ക്രിമിനലുകൾ ഗൂഗ്ൾ പ്ലാറ്റ്ഫോമുകളിൽനിന്നാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ടാർഗറ്റ് ചെയ്ത പരസ്യങ്ങൾ സൃഷ്ടിച്ച് ഇരകളുടെ വിവരങ്ങൾ മോഷ്ടിക്കാൻ ഗൂഗ്ൾ ആഡ്സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ‘പുഗ് ബുച്ചറിങ് സ്കാം’ അല്ലെങ്കിൽ ‘ഇൻവെസ്റ്റ്മെന്റ് സ്കാം’ എന്നറിയപ്പെടുന്ന തട്ടിപ്പിൽ കൂടുതലായും തൊഴിൽ രഹിതരായ യുവാക്കളും വീട്ടമ്മമാരും വിദ്യാർഥികളുമാണ് കുടുങ്ങുന്നത്. ലോക വ്യാപകമായി ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
സംഘടിത സൈബർ കുറ്റകൃത്യങ്ങൾക്കായി സ്പോൺസേഡ് ഫേസ്ബുക്ക് ആഡും കുറ്റവാളികൾ ഉപയോഗിച്ചുവരുന്നുണ്ട്. നിയമവിരുദ്ധ ആപ്പുകൾ ആളുകളിലേക്ക് എത്തിക്കാൻ ലിങ്ക് ഷെയർ ചെയ്യുന്നതാണ് പ്രധാന രീതി. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിലെ ഡേറ്റ മുഴുവനായും ചോരും. സൈബർ കുറ്റകൃത്യങ്ങളെ നേരിടാനായി ഇന്ത്യൻ സൈബർ ക്രൈം കോഓഡിനേഷൻ സെന്റർ (ഐ4സി) ഗൂഗ്ളും ഫേസ്ബുക്കുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ബാങ്കിങ് മാൽവെയറുകൾ, നിയമവിരുദ്ധ ആപ്പുകൾ എന്നിവയുടെ വിവരം ഇടക്കിടെ ഐ4സി പുറത്തുവിടാറുണ്ട്. വിവിധ ഏജൻസികൾക്ക് സൈബർ കുറ്റകൃത്യം നേരിടാനുള്ള പരിശീലനവും ഐ4സി നൽകിവരുന്നു
Advertisements
Advertisements
Advertisements