ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല. ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണെങ്കില്‍ ചിലത് നമ്മുടെ ആയുസ് കുറയ്ക്കുന്നതിന് വരെ കാരണമായേക്കാം. നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ഇങ്ങനെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്കിലോ?
ജീവിതം തിരക്കുപിടിച്ചതായതോടെ ഭക്ഷണമുണ്ടാക്കാനും ആസ്വദിച്ച് കഴിക്കാനും പോലും സമയമില്ലാതായിട്ടുണ്ട്. ഇതോടെ ഉണ്ടാക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും എളുപ്പത്തിന് പലരും പ്രോസസ്ഡ് ഫുഡ്ഡുകളുടെ ഉപയോഗം വര്‍ധിപ്പിച്ചു. ശീതീകരിച്ച ഇറച്ചിയും സോസേജസുമൊക്കെ ഇത്തരത്തിലുള്ള ഭക്ഷണങ്ങളില്‍ ചിലതാണ്. നൈട്രേറ്റുകളുള്‍പ്പടെ ഉപയോഗിച്ചാണ് ഇവ ശീതീകരിച്ചുവെക്കുന്നത് എന്നതിനാല്‍ ഇവയുടെ അമിതമായുള്ള ഉപയോഗം കാന്‍സറിനുള്‍പ്പടെ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഭക്ഷണം കഴിച്ചാല്‍ പിന്നാലെ ഒരു സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിക്കണമെന്ന് നിര്‍ബന്ധമുള്ള നിരവധി പേരുണ്ട്. സോഫ്റ്റ് ഡ്രിങ്കുകള്‍ക്കൊപ്പം എനര്‍ജി ഡ്രിങ്കുകളും മറ്റും നിത്യ ജീവിതത്തിന്റെ ഭാഗവുമായിക്കഴിഞ്ഞു. എന്നാല്‍ ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണെന്നതാണ് വസ്തുത. ശരീര ഭാരം വര്‍ധിക്കാനും, ടൈപ്പ് 2 ഡയബെറ്റിക്‌സ്, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇത്തരം സോഫ്റ്റ് ഡ്രിങ്കുകള്‍ കാരണം ഉണ്ടാകുക.