മാര്‍ച്ചിലേക്ക് കടക്കാൻ ഒരാഴ്ച മാത്രമാണുള്ളത്. പരീക്ഷാ ചൂടിലാണ് കുട്ടികള്‍. മികച്ച പ്രകടനം നടത്താന്‍ ഉറക്കമിളച്ച് പഠിക്കുന്നതൊക്കെ അംഗീകരിക്കാം. പക്ഷേ ടെന്‍ഷനടിച്ച് പഠിച്ചതു കൂടി മറന്നുപോകരുത്. ചില നല്ല ശീലങ്ങള്‍ ശീലിച്ചാല്‍ പേടിയും ടെന്‍ഷനുമൊക്കെ മാറ്റാം. അതൊന്നു പറഞ്ഞുതരാം. ആദ്യമേ പറയട്ടെ ഭക്ഷണം ഒഴിവാക്കിയുള്ള പഠനം ശരിയല്ല. നല്ലതുപോലെ നിങ്ങള്‍ ഉറങ്ങണം.. അതുപോലെ ആഹാര കാര്യത്തിലും വിട്ടുവീഴ്ച ചെയ്യരുത്. മറ്റൊന്ന് ചിലര്‍ക്കൊക്കെ അല്പം മടിയാണെങ്കിലും വ്യായാമം ചെയ്യുന്നതും മികച്ച കാര്യമാണ്. പരീക്ഷാപേടി കുറയും ഓര്‍മശക്തിയും ശ്രദ്ധയും ഉന്മേശവും കൂടുകയും ചെയ്യും. പരീക്ഷയെ എങ്ങനെ നേരിടുമെന്ന പേടിയും സമ്മര്‍ദ്ദവുംമൂലം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടും. ഇത് പഠനശേഷിയെ ബാധിക്കും. തുടര്‍ന്ന് പിന്നെ പറയേണ്ടല്ലോ പരീക്ഷയെ തന്നെ നല്ലരീതിയില്‍ ബാധിച്ചേക്കാവുന്ന പ്രശ്‌നമായി തീരും. ടെന്‍ഷനടിച്ച് പഠിച്ചത് കൂടി മറന്നുപോകുമെന്നത് ഉറപ്പല്ലേ… ഉറക്കം അത് മസ്റ്റാണ്. തലച്ചോറിന് പഠിച്ചതെല്ലാം ഓര്‍ത്തെടുക്കാന്‍ നല്ല ഉറക്കം അനിവാര്യമാണ്. ഉറക്കം കൃത്യമാണെങ്കില്‍ തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിയെ ഉന്മേഷത്തിലാക്കുകയും ഓര്‍മശക്തി നിലനിര്‍ത്താനും കഴിയും. ആഴത്തിലുള്ള ഉറക്കമാണ് വേണ്ടത്. ഇത് ഓര്‍മശക്തിയുടെ കേന്ദ്രമായ ഹിപ്പോ ക്യാമ്പസിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാക്കുകയും ചെയ്യും. ഉറക്കമില്ലായ്മയും ഇതിന്റെ പ്രവര്‍ത്തനത്തിനെ ബാധിക്കുന്നതിനൊപ്പം കോര്‍ട്ടിസോളിന്റെ ഉല്പാദനത്തിന് കാരണമാകുകയും ചെയ്യും. പരീക്ഷാ കാലത്ത് ജങ്ക് ഫുഡിനോട് പറയേണ്ടത് *നോ* എന്നൊരൊറ്റ വാക്കാണ്. തലച്ചോറിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഭക്ഷണങ്ങളാവണം കഴിക്കേണ്ടത്. ഒമേഗ-3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമായ കൊഴുപ്പുള്ള മത്സ്യം, വാല്‍നട്ട്, ഫ്‌ലാക്‌സ് സീഡുകള്‍ എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണവും നല്ലതാണ്. പരീക്ഷാ സമയത്തെന്ത് വ്യായാമം എന്ന് ചോദിക്കരുത്. വൈജ്ഞാനിക പ്രകടനം വര്‍ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമാണ് വ്യായാമം. ഓട്ടം, നീന്തല്‍, സൈക്ലിംഗ് എന്നീ എയറോബിക് വ്യായാമങ്ങള്‍ തലച്ചോറില്‍ നിന്ന് ഉരുത്തിരിഞ്ഞ ന്യൂറോട്രോഫിക് ഘടകം പുറത്തുവിടാന്‍ സഹായിക്കുന്നു. ഇത് പഠനത്തെയും ഓര്‍മ്മശക്തിയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രോട്ടീനാണ്. 10 മിനിറ്റ് നടത്തം പോലും മികച്ച വ്യായാമമാണ്.
പരീക്ഷ പേടിയിലാണോ..? ഇക്കാര്യം ശ്രദ്ധിക്കാം…
