ബ്രഹ്‌മാണ്ഡ സംവിധായകൻ രാജമൗലി RRR എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് സുകുമാരൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായികയാകുന്നത്.
ഒഡീഷയിലെ കോറാട്ട്പുട്ടിൽ, നടക്കുന്ന രണ്ടാഴ്ച നീണ്ട ഷെഡ്യൂളിൽ മഹേഷ് ബാബുവും പ്രിത്വിരാജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ഒത്തുകൂടിയ ചടങ്ങിൽ നിന്നുള്ള, ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ രാജ്യമാകെ ചർച്ചയായിരുന്നു. എന്നാൽ അവ അണിയറപ്രവർത്തകർ പുറത്തുവിട്ടതല്ല എന്നും, ലീക്ക് ആയവയാണെന്നും വാർത്തയുണ്ടായിരുന്നു. അതേ വേഷത്തിൽ പ്രിത്വിരാജ് അഹാന കൃഷ്ണയ്ക്കൊപ്പം നിൽക്കുന്ന ചിത്രം നടി പോസ്റ്റ് ചെയ്തിരുന്നു.
1000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം ആക്ഷൻ അഡ്വെഞ്ചർ സ്വഭാവത്തിൽ ആണ് ഒരുക്കുന്നത്. 2026 അവസാനം തിയറ്ററുകളിലെത്തും എന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന് ആഗോളതലത്തിൽ വമ്പൻ റിലീസ് പ്ലാൻ ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. സ്റ്റീഫൻ സ്പിൽബെർഗിന്റെ, ‘ഇന്ത്യാന ജോൺസ്’ ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നതെന്ന് രാജമൗലി പറഞ്ഞിരുന്നു.
ചിത്രത്തിന് വേണ്ടി ഹൈദരാബാദിൽ, വാരണാസിയിലെ അമ്പലങ്ങളുടെയും ഗോപുരങ്ങളുടെയും മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന വമ്പൻ സെറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു. SSMB29 എന്ന് താൽക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിലെ പ്രിത്വിരാജിന്റെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത് നടന്റെ അമ്മ മല്ലിക സുകുമാരനായിരുന്നു. ചിത്രത്തിൽ ജോൺ അബ്രഹാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
പൃഥ്വിരാജ് വില്ലനാകുന്ന രാജമൗലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
