സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരിയില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21, 22, 23 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. 2,65,395 കുട്ടികള്‍ എഴുതിയ പരീക്ഷയില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ഇന്ത്യയിലും വിദേശത്തുമായി 7,786 സെന്ററുകളാണ് പരീക്ഷയ്ക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്രസ്സകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%). അല്‍ബിര്‍റ് സ്‌കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).
സമസ്ത പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു
