പൊതുവെ സ്റ്റെപ്പ് സിസ്റ്റേഴ്സിനിടയിലെ ബന്ധം അത്ര സൗഹാർദ്ദപരമായിരിക്കില്ല എന്നാണല്ലോ പൊതു കാഴ്ചപ്പാട്, എന്നാൽ പൂജ ഭട്ടിന്റെയും ആലിയ ഭട്ടിന്റെയും കാര്യം അൽപ്പം വ്യത്യസ്തമാണ്
പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെ മക്കളാണ് പൂജാ ഭട്ടും ആലിയ ഭട്ടും. പക്ഷേ ഇരുവരുടെയും അമ്മമാർ ഒന്നല്ല. മഹേഷിന്റെയും ആദ്യ ഭാര്യ കിരൺ ഭട്ടിന്റെയും മകളാണ് പൂജ. അതേസമയം, മഹേഷ് ഭട്ടിന്റെയും സോണി റുസ്ദാന്റെയും മകളാണ് ആലിയ.
മഹേഷ്- കിരൺ ഭട്ട് ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്, പൂജ ഭട്ടും രാഹുൽ ഭട്ടും. കിരണുമായി പിരിഞ്ഞ മഹേഷ് ഭട്ട് പിന്നീട് സോണി റുസ്ദാനെ വിവാഹം കഴിക്കുകയായിരുന്നു, ഇതിലുള്ള മക്കളാണ് ആലിയ ഭട്ടും ഷഹീൻ ഭട്ടും.
പൊതുവെ സ്റ്റെപ്പ് സിസ്റ്റേഴ്സിനിടയിലെ ബന്ധം അൽപ്പം അത്ര സൗഹാർദ്ദപരമായിരിക്കില്ല എന്നാണ് പൊതുവായ കാഴ്ചപ്പാട്. എന്നാൽ ഇവിടെ പൂജയുടെയും ആലിയയുടെയും കാര്യം വ്യത്യസ്തമാണ്. തന്റെ സ്റ്റെപ്പ് സിസ്റ്റർ ആണെങ്കിലും ആലിയയോട് പ്രത്യേകമായൊരു അടുപ്പം തന്നെയുണ്ട് പൂജ ഭട്ടിന്. പൂജയേക്കാൾ 21 വയസ്സിനു ഇളയതാണ് ആലിയ.
2014ൽ ഒരു അഭിമുഖത്തിൽ ആലിയ പൂജയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തങ്ങളുടെ ബന്ധം ഒട്ടും ഫേക്ക് അല്ല എന്നാണ് ആലിയ പറഞ്ഞത്. “യഥാർത്ഥത്തിൽ അടുത്തിടെ അത് വളരെ മെച്ചപ്പെട്ടു. ഞങ്ങൾ ഒരു കുടുംബമായി അടുത്തു. നിങ്ങൾക്ക് ഒരു രണ്ടാനമ്മയും സ്റ്റെപ്പ് സിസ്റ്ററും ഉണ്ടെന്ന് ആളുകൾ എപ്പോഴും പറയുമായിരുന്നു, പക്ഷേ അതെന്നെ ഒരിക്കലും അലട്ടിയിരുന്നില്ല.”
ഞങ്ങളുടെ കുടുംബം പരസ്പരം സത്യസന്ധമായും ഒർജിനലായും പെരുമാറുന്നു. അവിടെ ആർക്കും മുഖംമൂടി വേണ്ട, ഫേക്ക് ആവേണ്ട കാര്യവുമില്ല. അതിനാൽ ഞങ്ങൾ പരസ്പരം സമയം ചെലവഴിക്കുമ്പോൾ, ഞങ്ങൾ അത് നന്നായി ആസ്വദിക്കുന്നു,” ആലിയ കൂട്ടിച്ചേർത്തു.
മഹേഷിന്റെയും കിരണിന്റെയും ദാമ്പത്യം തകർന്ന സാഹചര്യങ്ങളെക്കുറിച്ചും ആലിയയും പൂജയും മുൻപ് അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. “വിവാഹേതരബന്ധമുണ്ടായതു കൊണ്ടാണ് എന്റെ അച്ഛനും അമ്മയും തമ്മിൽ കണ്ടുമുട്ടിയത്. വിശ്വാസവഞ്ചനയെന്നല്ല മറിച്ച് അത് മനുഷ്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ്,” എന്നാണ് ഇതിനെ കുറിച്ച് ആലിയ പറഞ്ഞത്.