രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ്

ബെംഗളൂരു: രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫിയാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്നു ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.തൊട്ടടുത്ത ദിവസം വനപാതയിലൂടെ പോവുകയായിരുന്ന പാൽവിൽപ്പനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്നും കൊലപാതകത്തിന് പിന്നില്‍ ഷാഫിയാണെന്നും പൊലീസിന് മനസ്സിലായി. പിന്നാലെ പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു.കൊലപാതകം നടത്തിയതിന് ശേഷം ഷാഫി പിണങ്ങിക്കഴിയുകയായിരുന്ന രണ്ടാം ഭാര്യയെ ലോ‍ഡ്ജിൽ വച്ചാണ് കണ്ടത്. അവിടെ വച്ച് പുതിയ ടിവി വാങ്ങാനായി 60,000 രൂപ അവർക്ക് നല്‍കിയെന്നും പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights