വിഴിഞ്ഞത്ത് അതിക്രൂര കൊലപാതകം; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. സുമൻ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.വിഴിഞ്ഞത്തെ ഒരു ബാറില്‍ പ്രതിയായ അച്ചുവും സഹോദരനും സുഹൃത്തുക്കളും കൂടി മദ്യപിച്ചു. ഇതിനിടെ ഷെറീഫ് എന്ന ഷാനുമായി ബാറില്‍ വെച്ച് വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. ഈ തര്‍ക്കം പരിഹരിക്കാനാണ് ബാറിലുണ്ടായിരുന്ന സുമന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് സുമനെ പ്രതികള്‍ ബാറിലിട്ട് മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തെത്തുടര്‍ന്ന് രക്ഷപ്പെടാനായി റോഡിലേക്ക് ഇറങ്ങിയ ഓടിയസുമനെ റോഡിലിട്ടും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശനിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് അതുവഴി വന്ന കാര്‍ യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.റോഡില്‍ വീണിട്ടും യുവാക്കള്‍ സുമനെ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംഭവത്തില്‍ അച്ചു എസ് ബാബു, സഹോദരന്‍ അനന്തു, സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights