പോളിങ് സമയം രാത്രി എട്ട് മണിവരെയാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വിജയ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പോളിങ് സമയം എട്ട് മണി വരെ നീട്ടണമെന്നാണ് ആവശ്യം. ബസുകള്‍ ഇല്ലാത്തതിനാല്‍ വോട്ടര്‍മാര്‍ വൈകിയാണ് എത്തുന്നതെന്നും അതിനാല്‍ രണ്ട് മണിക്കൂര്‍ സമയം അധികം അനുവദിക്കണമെന്നുമാണ് ആവശ്യം.ബസുകള്‍ കുറച്ചത് ആസൂത്രിത നീക്കമെന്നാണ് കരുതുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ വിജയ് പറയുന്നു. നിരവധി വോട്ടര്‍മാര്‍ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ബസ് സര്‍വീസ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിനും കോര്‍പ്പറേഷനും നിര്‍ദേശം നല്‍കണം. പോളിങ് വൈകുന്നതിനാല്‍ ബൂത്തുകളില്‍ മേല്‍നോട്ടത്തിനായി ഒരു ഓഫീസറെ നിയമിക്കണമെന്നും വിജയ് കത്തില്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മൂന്ന് മണിവരെ റെക്കോര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ പോളിങ് 73.63 ശതമാനമാണെങ്കില്‍ ഇത്തവണ മൂന്ന് മണിവരെ രേഖപ്പെടുത്തിയത് 70 ശതമാനം പോളിങാണ്. മുഖ്യമന്ത്രി സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വിജയ്, ബിജെപി നേതാവ് അണ്ണാമലൈ, അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി, ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി എംപി അടക്കമുള്ളവര്‍ വോട്ട് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights