ക‍ർശന ഡയറ്റിങ്ങിലും അമ്മയുടെ ‘സ്നേഹപ്പൊതി’ക്ക് മുന്നിൽ നിയന്ത്രണം വിടും, വിജയ്‌യുടെ പ്രിയപ്പെട്ട മധുരപലഹാരം

സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും വിജയക്കൊടി പാറിച്ച വിജയ്‌യുടെ വ്യക്തിജീവിതം തികച്ചും ലളിതമാണ്. 51-ാം വയസ്സിൽ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് സിനിമ വിട്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. കഠിനമായ വെയിലിലും തളരാതെ ജനങ്ങളെ ഒപ്പം ചേർത്ത അദ്ദേഹത്തിന്റെ ചുറുചുറുക്കിനും കായികക്ഷമതയ്ക്കും പിന്നിൽ അച്ചടക്കമുള്ള ജീവിതശൈലിയാണ്.ആരോ​ഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും പിന്തുടരുന്ന താരമാണ് വിജയ്. എന്നാൽ അമ്മയുടെ മധുരപ്പൊതിക്ക് മുന്നിൽ മാത്രം വിജയ്‌ മുട്ടുമടക്കും. ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് ദിവസവും പതിവായി അമ്മ ശോഭ ചന്ദ്രശേഖർ തയ്യാറാക്കുന്ന ഒരു ടിഫിൻ ബോക്സ് എത്തും.

വിജയ് തന്റെ ഡയറ്റിൽ വളരെ അധികം ശ്രദ്ധിക്കുന്ന ആളാണ്. എണ്ണമയമുള്ള ഭക്ഷണവും അമിതമായ മധുരവും അദ്ദേഹം ഒഴിവാക്കാറുണ്ട്. എന്നാൽ അമ്മയുടെ സ്നേഹത്തിന് മുന്നിൽ ഈ നിയന്ത്രണങ്ങളെല്ലാം വഴിമാറുമെന്ന് അദ്ദേഹത്തിന്റെ ട്രെയിനറായിരുന്ന നരേഷ് കുമാർ പറയുന്നു. ചെന്നൈയിലോ പരിസര പ്രദേശങ്ങളിലോ ഷൂട്ടിങ് നടക്കുമ്പോൾ, വിജയിന്റെ കാരവനിലേക്ക് സ്ഥിരമായി എത്തുന്ന ഒരു ടിഫിൻ ബോക്സുണ്ട്. അതിൽ അമ്മ ശോഭ ചന്ദ്രശേഖർ തയാറാക്കിയ ‘സക്കരൈ പൊങ്കൽ’ ഉണ്ടാകും.തമിഴ്നാടിന്റെ സ്വന്തം സക്കരൈ പൊങ്കൽ
വിളവെടുപ്പ് ഉത്സവമായ ‘തൈ പൊങ്കലി’ ദിനം പ്രത്യേകമായ തയ്യാറാക്കുന്ന സക്കരൈ പൊങ്കൽ തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകവുമായി അത്രമേൽ ചേർന്നുനിൽക്കുന്നു. അരി, ചെറുപയർ പരിപ്പ്, ശർക്കര, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന ഈ വിഭവം വെറുമൊരു മധുരപലഹാരമല്ല, മറിച്ച് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം കൂടിയാണ്.

സക്കരൈ പൊങ്കൽ: റെസിപ്പി
സക്കരൈ പൊങ്കൽ വീട്ടിൽ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ:

പച്ചരി – 1/2 കപ്പ്

ചെറുപയർ പരിപ്പ് – 1/4 കപ്പ്

ശർക്കര – 1 മുതൽ 1.5 കപ്പ് വരെ (മധുരത്തിനനുസരിച്ച്)

വെള്ളം – 3 കപ്പ്

പാൽ – 1/4 കപ്പ്

നെയ്യ് – 4-5 ടേബിൾസ്പൂൺ

അണ്ടിപ്പരിപ്പ് – 8-10 എണ്ണം

ഉണക്കമുന്തിരി – 1 ടേബിൾസ്പൂൺ

ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം ചെറുപയർ പരിപ്പ് ചുവന്ന നിറമാകുന്നതു വരെ ചെറുതീയിൽ വറുത്തെടുക്കുക. ഇത് പൊങ്കലിന് നല്ലൊരു മണം നൽകും.

വറുത്ത പരിപ്പും പച്ചരിയും നന്നായി കഴുകി, 3 കപ്പ് വെള്ളവും 1/4 കപ്പ് പാലും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. 4-5 വിസിൽ വരുന്നത് വരെ കാത്തിരിക്കുക. ചോറും പരിപ്പും നന്നായി ഉടഞ്ഞു വരണം.മറ്റൊരു പാത്രത്തിൽ ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. ഇതിലെ അഴുക്ക് കളയാൻ അരിച്ചെടുക്കുന്നത് നന്നായിരിക്കും. വേവിച്ചു വെച്ചിരിക്കുന്ന അരി-പരിപ്പ് മിശ്രിതത്തിലേക്ക് ശർക്കര പാനി ചേർക്കുക. ഇത് ചെറിയ തീയിൽ 5-7 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക.ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർക്കുക. ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കുക. ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇത് പൊങ്കലിന് മുകളിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. രുചികരമായ, സ്നേഹം നിറഞ്ഞ സക്കരൈ പൊങ്കൽ തയാർ!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights