മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ചത് ഉറ്റ സുഹൃത്തുക്കളായവര്‍

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേ‍ർ. മങ്കട വെള്ളില സ്വദേശികളായ റഹീസ്(20), ബഹാസ്(18), സിയാദ്(18), ഫഹദ്(22) എന്നിവരാണ് മരിച്ചത്. ഏഴുപേർക്കാണ് ഇന്ന് കുരുങ്ങൻചോല വ്യൂ പോയിൻ്റിൽ വെച്ച് ശക്തമായ മിന്നലേറ്റത്. ഇതിൽ ആറുപേരെ കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. ഒരാൾ മിന്നലേറ്റ് തെറിച്ച് വീണിരുന്നു. സംഭവത്തിൽ പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. വെള്ളില സ്വദേശികളായ റോഷൻ(20), ഇഷ്ഹാത്(19), സൽമാനുൽ ഫാരിസ്(21) എന്നിവരാണ് പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർ അപകടനില തരണംചെയ്തതായാണ് വിവരം.

ഇടിമിന്നലേറ്റ് ഒരു വിദ്യാർത്ഥി പാറയുടെ മുകളിൽനിന്ന് തെറിച്ചുവീണിരുന്നു. ആദ്യഘട്ടത്തിൽ ഈ വിദ്യാർത്ഥി ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വിദ്യാർത്ഥികളിലൊരാളാണ് തങ്ങൾ ഏഴുപേരുണ്ടായിരുന്നതായി നാട്ടുകാരോട് പറഞ്ഞത്. ഇതോടെ പ്രദേശത്ത് വീണ്ടും തിരച്ചിൽ നടത്തിയപ്പോളാണ് ഏഴാമത്തെയാളെയും കണ്ടെത്തിയത്. ഏഴുകുട്ടികളും വ്യൂപോയിൻ്റെ തൊട്ടടുത്ത് താമസിക്കുന്നവരാണ്.ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കളായ ഏഴ് വിദ്യാർത്ഥികൾ ഒരുമിച്ച് കുരുങ്ങൻചോല വ്യൂ പോയിൻ്റിൽ പോയ സമയത്താണ് അപകടമുണ്ടായത്. ഇതുവഴിയെത്തിയ നാട്ടുകാരും യാത്രക്കാരുമാണ് കുട്ടികളെ നിലത്തുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആറുകുട്ടികളാണ് വീണുകിടന്നിരുന്നതെന്നാണ് സ്ഥലത്തെത്തിയവർ മാധ്യമങ്ങളോട് പറഞ്ഞത്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രദേശമല്ലാത്തതിനാൽ അപകടവിവരം പുറത്തറിയാനും വൈകിയിരുന്നു. വഴിയാത്രക്കാർ കുട്ടികളെ കണ്ടതോടെ ഒരു ആംബുലൻസിലും രണ്ട് ജീപ്പുകളിലുമായി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights