ബിസിനസ് രംഗത്തേക്കിറങ്ങാന്‍ സാമ്പത്തികം തടസ്സമാണോ? എങ്കില്‍ അത്തരത്തില്‍ മികച്ച ബിസിനസ് ഐഡിയകളുണ്ടായിട്ടും സ്വപ്‌നം പൂവണിയാന്‍ സാധിക്കാതെ കാത്തിരിക്കുന്ന വനിതകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെ കുറിച്ച് അറിയണം. സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്.സ്ത്രീകളെ ഉയര്‍ത്തി കൊണ്ടുവരാന്‍ ഏറ്റവും മികച്ച വഴി അവരെ സംരംഭകരാക്കി മാറ്റുക എന്നതാണ്. രാജ്യത്തെ വനിതാ സംരംഭകരുടെ എണ്ണം അതിവേഗം വര്‍ധിക്കാനുള്ള കാരണവും സര്‍ക്കാരിന്റെ ഈ നടപടികള്‍ തന്നെ. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വനിതാ സംരംഭകരുടെ എണ്ണം 90 ശതമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടത്തിവരുന്ന 6 പദ്ധതികളെ പറ്റി അറിയാം.
പ്രധാന്‍ മന്ത്രി മുദ്ര യോജന
സംരംഭകരെ സൃഷ്ടിക്കാനായി സര്‍ക്കാര്‍ നടത്തിവരുന്ന സ്‌കീമുകളില്‍ ഒന്നാണിത്. ഈട് രഹിത വായ്പയാണ് പ്രധാന ഹൈലൈറ്റ്. ഈ പദ്ധതി പുരുഷന്‍മാര്‍ക്കും ലഭ്യമാണെങ്കിലും, സ്ത്രീകള്‍ക്ക് മുന്‍ഗണനയുണ്ട്. ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്കായി സ്ത്രീകള്‍ക്ക് വായ്പ നല്‍കുന്നു. 10 ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ കിട്ടും. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് വായ്പ തിരിച്ചടവ് കാലാവധി. കുറഞ്ഞ പലിശയും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു.ഉദ്യോഗിനി പദ്ധതി
രാജ്യത്തെ സ്ത്രീകളുടെ സംരംഭകത്വവും സാമ്പത്തിക ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ച ഒരു മികച്ച പദ്ധതിയാണ് ഉദ്യോഗിനി സ്‌കീം. മറ്റ് സ്‌കീമുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കിലാണ് സര്‍ക്കാര്‍ വനിതാ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നത്. ഈ പദ്ധതി പ്രകാരം, 40,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ലഭിക്കുന്ന വനിതാ സംരംഭകര്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ വായ്പ നല്‍കുന്നത്. സര്‍ക്കാര്‍ അംഗീകാരത്തോടെ നല്‍കുന്ന ഈ സ്‌കീമുകള്‍ രാജ്യത്തെ നിരവധി സ്ത്രീ സംരംഭകര്‍ക്ക് ശക്തി പകരുന്നതാണ്. മാത്രമല്ല ബിസിനസിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രതീക്ഷ പകരുന്നു.സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി
2016 ഏപ്രിലില്‍ അവതരിപ്പിക്കപ്പെട്ട സ്‌കീം ആണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ. പദ്ധതി വഴി എസ്സി, എസ്ടി വനിതാ സംരംഭകര്‍ക്ക് ബാങ്കുകള്‍ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നു. അപേക്ഷകരുടെ പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ ലഭിക്കും. ഈ പദ്ധതിയുടെ ആനുകൂല്യത്തിന് കമ്പനിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞത് 51 ശതമാനമായിരിക്കണം.
മഹിളാ ഉദ്യം നിധി സ്‌കീം
സ്‌മോള്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) മുഖേന വനിതാ സംരംഭകരുടെ ബിസിനസ്സ് നിലനിര്‍ത്തുന്നതിനുള്ള പണം ഈ സ്‌കീം നല്‍കുന്നു. ഈ പ്ലാനിന് കീഴില്‍ നല്‍കുന്ന പണം സേവന, നിര്‍മ്മാണ, ഉല്‍പ്പാദന മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ഒരു ചെറുകിട ബിസിനസ്സ് ആരംഭിക്കുന്നതിന് 10,00,000 രൂപ വരെ വായ്പയും ലഭിക്കും.
ഡ്രോണ്‍ ദീദി പദ്ധതി
വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക്(എസ്എച്ച്ജി) ഡ്രോണുകള്‍ നല്‍കാനുള്ള പദ്ധതിയാണിത്. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ 1,261 കോടി രൂപ ചെലവിട്ട് മൊത്തം 15,000 ഡ്രോണുകള്‍ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനപ്പെട്ട വളം കമ്പനികള്‍ ആദ്യത്തെ 500 ഡ്രോണുകള്‍ വാങ്ങി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ ഘട്ടത്തില്‍ 3090 എസ്എച്ച്ജികള്‍ക്കാണ് ഡ്രോണുകള്‍ വിതരണം ചെയ്തത്.
ലഖ്പതി ദീദി യോജന
2023ലാണ് കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി ലഖ്പതി ദീദി യോജന ആരംഭിച്ചത്. വ്യവസായ മേഖലയില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വ്യവസായം സ്ഥാപിക്കുന്നതിന് അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ആശയത്തില്‍ നിന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇത് പ്രകാരം 5 ലക്ഷം രൂപ പലിശരഹിത വായ്പയായി ലഭിക്കും.









