കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (മെയ് 23) 11 മണിക്ക് തുറക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണം

കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‍പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. മെയ് 23 ശനിയാഴ്ച രാവിലെ 11 മണി മുതൽ അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി സെക്കന്റിൽ 1.557 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഡാമിന്റെ പരിസര പ്രദേശങ്ങളിലും വെള്ളം ഒഴുകിയെത്തുന്ന മറ്റ് പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം.

ജില്ലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മുൻവർഷങ്ങളിൽ ലഭിച്ച അതിശക്തമായ മഴയുടെയും പശ്ചാത്തലത്തിൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനും ജൂൺ ആദ്യവാരം തന്നെ കാലവർഷം ആരംഭിക്കാനുള്ള സാധ്യത കണക്കെടുത്തുമാണ് ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്. ദിവസവും രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരിക്കുന്നത്. ഡാം തുറക്കുന്ന സമയത്ത് ഡാം പരിസരത്തും വെള്ളം ഒഴുകിപ്പോകുന്ന പുഴകളുടെ കരകളിലും ആളുകൾ കൂട്ടംകൂടി നിൽക്കരുത്. പുഴയിൽ ഇറങ്ങാനോ പുഴ മുറിച്ചുകടക്കാനോ ശ്രമിക്കരുത്. ഡാം തുറന്ന ശേഷം മത്സ്യബന്ധനം നടത്താൻ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. ഡാമിന്റെ പരിസര പ്രദേശങ്ങളിലും വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളിലും അധികൃതർ യഥാസമയങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നൽകും. ഇവ കൃത്യമായി പാലിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights