തിരുവനന്തപുരം: റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന്‍വണ്ടിയില്‍ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല്‍ വീണിട്ടുണ്ടോ? അല്ലെങ്കില്‍ ആ വെള്ളത്തില്‍ വണ്ടി തഴുതിവീണ് അപകടത്തില്‍പ്പെട്ടിട്ടുണ്ടോ? ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികള്‍ക്ക് ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ വക ‘ഫുള്‍ സ്റ്റോപ്പ്’!
മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് പൈപ്പുകള്‍ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും കൂടാതെ പിഴയും ചുമത്തും.മീന്‍വണ്ടികളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യം മറക്കാതിരിക്കുക. ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളില്‍ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒഴുക്കി വിടണമെന്നും എംവിഡി നിര്‍ദേശിച്ചു.









