‘ജിങ്ക്സ്, എന്റെ ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിങ് പങ്കാളി!’

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച അജിൻക്യ രഹാനെയ്ക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഹൃദ്യമായ കുറിപ്പുകളുമായി സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, വിരാട് കോഹ്‍‍ലി, ചേതേശ്വർ പൂജാര തുടങ്ങിയവരാണ് ആശംസ നേർന്നത്.

ഡ്രസിങ് റൂമിൽ ഒരുമിച്ചുള്ള വർഷങ്ങളേയും രഹാനെയുടെ കരിയറിനെ നിർവചിച്ച കഠിനാധ്വാനം, അച്ചടക്കം, പ്രൊഫഷണലിസം എന്നിവയേയും രോഹിത് പ്രശംസിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട പങ്കാളിയെന്നാണ് കോഹ്‍ലി രഹാനെയെ വിശേഷിപ്പിച്ചത്. കരിയറിലാകെ 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും രഹാനെ ഇന്ത്യക്കായി കളിച്ചു. 8,400 അന്താരാഷ്ട്ര റൺസും 15 സെഞ്ച്വറികളും നേടി.

സച്ചിൻ ടെണ്ടുൽക്കർ

‘അവിസ്മരണീയമായ ഒരു ക്രിക്കറ്റ് കരിയറിന് ഹൃദയം നിറഞ്ഞ ആശംസകൾ അജിൻക്യ രഹാനെ. മുംബൈയ്ക്കു വേണ്ടി നമ്മൾ ഒരുമിച്ച് ബാറ്റ് ചെയ്തപ്പോൾ തന്നെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. മികച്ച മുഹൂർത്തങ്ങൾക്ക് പിന്നാലെ ഓടുന്ന ആളല്ല താങ്കൾ. ടീമിനായി കഠിനാധ്വാനം ചെയ്യാൻ തയ്യാറായതു കൊണ്ട് തന്നെ ആ നിമിഷങ്ങൾ താങ്കളെ തേടിയെത്തുകയായിരുന്നു. അന്ന് കണ്ട അതേ ​ഗുണമാണ് ഓസ്ട്രേലിയയിൽ താങ്കൾ പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനത്തെ നിർവചിച്ചതും. ആത്മസംയമനം എന്നത് ആക്രമണാത്മകതയ്ക്ക് എതിരല്ലെന്നു താങ്കൾ തെളിയിച്ചു. മറിച്ച് ഭയമില്ലാതെ പോരാടാനുള്ള ആത്മവിശ്വാസം ടീമിനു നൽകുന്നത് പലപ്പോഴും ആ അച്ചടക്കമാണ്. മനോഹരമായ കരിയറിന് അഭിനന്ദനങ്ങൾ! താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.’

ചേതേശ്വർ പൂജാര

‘ഏറെ അഭിമാനിക്കാൻ വകയുള്ള മികച്ചൊരു കരിയറിനു അഭിനന്ദങ്ങൾ അജിൻക്യ. ഇത്രയും വർഷങ്ങൾ താങ്കളോടൊപ്പം ഡ്രസിങ് റൂം പങ്കിടാൻ കഴിഞ്ഞതും കളിക്കളത്തിലും പുറത്തും എന്നും സന്തോഷത്തോടെ ഓർക്കാൻ കഴിയുന്ന പങ്കാളിത്തങ്ങളും ഓർമകളും കെട്ടിപ്പടുക്കാൻ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിൽ താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും.’

വിരാട് കോഹ്‍ലി

‘ജിങ്ക്സ്, മികച്ചൊരു കരിയറിന് അഭിനന്ദങ്ങൾ. കൂട്ടുകാരാ ഇന്ത്യൻ ക്രിക്കറ്റിനായി താങ്കൾ അവിശ്വസനീയ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. താങ്കളുടെ ഈ യാത്രയിൽ ഏറെ അഭിമാനിക്കാം. സ്ലിപ്പുകളിൽ ഏറ്റവും സുരക്ഷിതമായ കൈകളും ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയും താങ്കളായിരുന്നു. അങ്ങേയ്ക്ക് എപ്പോഴും നന്മകൾ മാത്രം വരട്ടെ. ദൈവാനു​ഗ്രഹമുണ്ടാകട്ടെ!’

രോഹിത് ശർമ

‘നമ്മൾ വർഷങ്ങളോളം ഡ്രസിങ് റൂം പങ്കിട്ടു. താങ്കൾ കൈവരിച്ച എല്ലാ നേട്ടങ്ങൾക്കും പിന്നിൽ എത്രത്തോളം കഠിനാധ്വാനമുണ്ടെന്നു എനിക്ക് നന്നായി അറിയാം. സമർപ്പണബോധവും പ്രൊഫഷണലിസവും എപ്പോഴും താങ്കളെ മറ്റുള്ളവരിൽ നിന്നു വേറിട്ടു നിർത്തിയിരുന്നു. മനോ​ഹരമായ കരിയറിനു അഭിനന്ദനങ്ങൾ. ഭാവിയിലേക്ക് എല്ലാ ആശംസകളും.’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights