സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് ശമനമില്ല; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജാഗ്രത തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. 14 ജില്ലകളിലും ഇന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. മുഴുവന്‍ ജില്ലകളിലും ഒറ്റപെട്ട ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത തുടരുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കണമെന്ന നിര്‍ദേശം തുടരുകയാണ്. കടല്‍ ശാന്തമാകാത്ത സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നുള്ള മത്സ്യ ബന്ധനത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗര മലയോര മേഖലകളിലും ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കണക്കാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്തമായ മഴക്ക് സാധ്യത.സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ തിങ്കളാഴ്ച(ആഗസ്റ്റ് 03) അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

അതിനിടെ, പത്തനംതിട്ടയിലെ മലയോര മേഖലയില്‍ ജാഗ്രതാ അനൗണ്‍സ്‌മെന്റ് തുടങ്ങി. പത്തനംതിട്ടയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്കാണ് മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കിയത്. ശക്തമായ മഴയെത്തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ശബരിമല തീര്‍ത്ഥാടകരെ തത്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീര്‍ത്ഥാടക വാഹനങ്ങള്‍ പൊലീസ് നിയന്ത്രിക്കുകയാണ്. ഇന്ന് രാവിലെ സ്ഥിതിഗതികള്‍ നോക്കിയശേഷം വാഹനങ്ങള്‍ കടത്തിവിടും. നിറപുത്തരിക്കായി ശബരിമല നട തുറന്ന സമയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights