അതിരുകളില്ലാത്ത സ്നേഹം; വഴി പറഞ്ഞ് തന്ന തമിഴ്നാട് സ്വദേശിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടി

കൊച്ചി: മമ്മൂട്ടിക്കൊപ്പമുള്ള വഴി തെറ്റിപ്പോയ ഒരു രാത്രിയാത്രയെക്കുറിച്ചും അതിരുകളില്ലാത്ത സ്നേഹത്തെക്കുറിച്ചുമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് നിർമ്മാതാവ് ആൻ്റോ ജോസഫ്. പുലർച്ചെ മൂന്നര കഴിഞ്ഞ് പുതിയ സിനിമയുടെ ലൊക്കേഷനായ തമിഴ്നാട്ടിലെ കാരൈക്കുടിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്ന വഴി ​ഗൂ​ഗിൾമാപ്പ് പലവട്ടം പലവഴിയിലൂടെ സഞ്ചരിക്കാൻ മമ്മൂട്ടിക്കും ഒപ്പമുണ്ടായിരുന്ന നിർമ്മാതാവ് ആൻ്റോ ജോസഫിനും നടൻ രമേഷ് പിഷാരടിയും അടങ്ങുന്ന സംഘത്തിന് നിർദ്ദേശം നൽകി. വഴിതെറ്റി ഒടുവിൽ രക്ഷയില്ലാതെ തിരിച്ച് കാരൈക്കുടിയിലേയ്ക്ക് മടങ്ങാമെന്ന് മമ്മൂട്ടി തീരുമാനിച്ച സമയത്തായിരുന്നു അവിചാരിതമായി വഴികാട്ടി നൽകാൻ ഒരാൾ കടന്ന് വരുന്നത്.

ഇൻസ്റ്റ​​ഗ്രാമിൽ ആൻ്റോ ജോസഫ് ആ അനുഭവം ഇങ്ങനെയാണ് പങ്ക് വെച്ചിരിക്കുന്നത്. ‘തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു…രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു. അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും” ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു. പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട് ;അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക്‌ ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ” പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി…മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു…“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്‌….ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ ) “അപ്പടിയെ സ്ട്രൈറ് കേരള”….അയാൾ കൈ ചൂണ്ടി….’. എന്നാണ് ആൻ്റോ ജോസഫ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്.ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്ന രമേഷ് പിഷാരടിയുടെ ചോദ്യത്തിന് പിന്നാലെ മമ്മൂട്ടി കാറിൽ നിന്നിറങ്ങി. വഴി കാണിച്ച് തന്നയാളുടെ ഫോൺ വാങ്ങി മമ്മൂട്ടി പിഷാരടിക്ക് നൽകി, അയാളെ ചേർത്തു പിടിച്ചു. ഉൻ പേരെന്ന എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് അയാൾ മറുപടി നൽകി. ….പാന്ധ്യൻ…. നമ്മ ഫ്രണ്ട് എന്ന് പറഞ്ഞ് കൊണ്ടാണ് മമ്മൂട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights