നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ബിജെപി; നേതാക്കള്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ബിജെപി. നേതാക്കള്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍. രാജ്യസഭാ എംപി വിനോദ് താവ്‌ഡേയ്ക്ക് ഉത്തര്‍പ്രദേശിന്റെയും രാജ്യസഭാ എംപിയും പുതുതായി ദേശീയ സെക്രട്ടറിയുമായ സതീഷ് പൂനിയയ്ക്ക് പഞ്ചാബിന്റെയും രാജ്യസഭാ എംപി തരുണ്‍ ചുഗിന് ഗുജറാത്തിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. ചുമതലയേല്‍പ്പിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ ബിജെപി പുറത്തിറക്കി.’ഈ ചുമതലകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും. മറ്റ് സംസ്ഥാനങ്ങളിലെ ചുമതലകള്‍ യഥാസമയം വരും. അതുവരെ നിലവില്‍ പ്രഭാരി ക്രമീകരണങ്ങള്‍ തുടരും’, ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് ചുമതലകള്‍ കൈമാറിയതെന്നാണ് അടുത്ത ബിജെപി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു.മുന്‍ കേരള സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. അനില്‍ ആന്റണിയും ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പീയുഷ് ഗോയല്‍ ആണ് ദേശീയ ട്രഷറര്‍. അതേസമയം കോണ്‍ഗ്രസില്‍ നിന്നെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി. വസുന്തര രാജെ സിന്ധ്യയും രാം മാധവും ബിജെപി ഉപാധ്യക്ഷ സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ബി എല്‍ സന്തോഷിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തും ഹേമന്ത് ജോഷി യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തുമെത്തി.കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രന്റെയും എം ടി രമേശിന്റെയും പേരുകള്‍ ഭാരവാഹി പട്ടികയില്‍ ഇല്ല. മേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ മുന്‍ കേന്ദ്രമന്ത്രി സമൃതി ഇറാനി ആണ് മറ്റൊരു ദേശീയ ജനറല്‍ സെക്രട്ടറി. മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം സിനിമ സീരിയല്‍ രംഗത്ത് സജീവമായിരുന്ന സമൃതിക്ക് സംഘടനാ രംഗത്ത് സജീവമാകണമെന്ന നിര്‍ദേശമാണ് ബിജെപി നല്‍കിരിക്കുന്നത്. വിഭാഗീയ പ്രശ്നങ്ങള്‍ കൊണ്ടും വിരുദ്ധാഭിപ്രയങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിയ വസുന്തരാ രാജ സിദ്ധ്യേ ഉപാദ്ധ്യക്ഷ പദവിയില്‍ എത്തുന്നതും പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights