ബാഴ്സലോണ: കാനറി ദ്വീപിലെ ലാ പാല്‍മയില്‍ പടർന്ന കാട്ടുതീ നിയന്ത്രണാതീതമായതിനാല്‍ 2000ത്തിൽ അധികം പേരെ ഒഴിപ്പിച്ചതായി അധികൃതര്‍. 1100 ഏക്കര്‍ പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്. ശനിയാഴ്ചയാണ് പ്രദേശത്ത് കാട്ടുതീ പടർന്നത്.ലാ പാൽമയുടെ പടിഞ്ഞാറ് ഭാഗത്തായി വീടുകളും മരങ്ങളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശത്താണ് തീപിടിത്തം ഉണ്ടയാത്. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
3000ത്തോളം കെട്ടിടങ്ങളും വാഴത്തോട്ടങ്ങളും റോഡുകളും ജലസേചന സംവിധാനങ്ങളും നശിച്ചു. തീ വളരെ വേഗത്തില്‍ പടര്‍ന്നുവെന്നും നിയന്ത്രണാതീതമാണെന്നും കാനറി ദ്വീപിന്റെ പ്രാദേശിക പ്രസിഡന്റ് ഫെര്‍ണാണ്ടോ ക്ലാവിജോ പറഞ്ഞു. വിമാനങ്ങളിൽ നിന്നുൾപ്പെടെ വെള്ളം തളിച്ച് തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കാറ്റിന്റെ ദിശാമാറ്റം മൂലം വ്യാപക നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
85,000 പേരാണ് കാനറി ദ്വീപിലുള്ളത്. ലാ പാൽമയിൽ നാശം വിതച്ച മൂന്ന് മാസത്തെ അഗ്നിപർവ്വത സ്ഫോടനത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ കാട്ടുതീ പടർന്നത്.