ചന്ദ്രനിലേക്ക് ചരിത്രപരമായ പര്യവേഷണം നടത്തിയ സമയത്ത് നീൽ ആംസ്ട്രോങ് ജീവിച്ചിരുന്ന ടെക്സസിലെ വീട് വില്പനയ്ക്ക് .1964 മുതൽ 1971 വരെ നീൽ ആംസ്ട്രോങ്ങും കുടുംബവും ടെക്സസിലെ എൽ ലാഗോയിൽ സ്ഥിതി ചെയ്യുന്ന ഈ വീട്ടിലാണ് ജീവിച്ചിരുന്നത്. 1969ൽ ആയിരുന്നു ആംസ്ട്രോങ്ങ് ചന്ദ്രനിൽ കാലുകുത്തിയത്. പരസ്യങ്ങൾ പ്രകാരം 5,50,000 ഡോളറാണ് (4.57 കോടി രൂപ) വീടിന് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ആംസ്ട്രോങ്ങും സുഹൃത്തും ബഹിരാകാശ സഞ്ചാരിയുമായിരുന്ന എഡ് വൈറ്റും ചേർന്ന് മൂന്ന് ഭാഗങ്ങളുള്ള ഈ സ്ഥലം സ്വന്തമാക്കുകയായിരുന്നു. പിന്നീട് 1964ൽ ഇരുവരും അടുത്തടുത്തായി വീടുകളും നിർമ്മിച്ചു. തൊട്ടടുത്ത ഏതാനും വർഷങ്ങളിൽ അയൽവാസികളായി താമസിച്ചിരുന്നുവെങ്കിലും 1967ൽ അപ്പോളോ 1 ദൗത്യത്തിൽ എഡ് വൈറ്റ് മരണപ്പെടുകയായിരുന്നു. അര ഏക്കർ വിസ്തൃതമായ സ്ഥലത്താണ് ആംസ്ട്രോങ്ങിന്റെ വീട് സ്ഥിതി ചെയ്യുന്നത്.
3000 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണ്ണം. മനോഹരമായ പുൽത്തകിടിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന വീട്ടിലെ പുറംകാഴ്ചകൾ അകത്തിരുന്ന് ആസ്വദിക്കാവുന്ന വിധത്തിൽ ഉയരത്തിലുള്ള ജനാലകളാണ് നൽകിയിരിക്കുന്നത്. നിരപ്പിൽ നിന്നും അല്പം താഴ്ന്ന രീതിയിൽ ഫാമിലി റൂം ക്രമീകരിച്ചിരിക്കുന്നു. ഓരോ മുറിയിലും വ്യത്യസ്ത രീതിയിലാണ് ഫ്ലോറിങ് നൽകിയിരിക്കുന്നത്.
ഡ്രോയിങ് ഏരിയയിലും അടുക്കളയിലും തടികൊണ്ടുള്ള ഫ്ലോറിങ്ങാണ്. അടുക്കള ആധുനിക രീതിയിലുള്ള കൗണ്ടർ ടോപ്പുകളും ക്യാബിനുകളും നൽകി നവീകരിച്ചിട്ടുണ്ട്. നാല് കിടപ്പുമുറികളും മൂന്നു ബാത്റൂമുകളുമാണ് വീട്ടിലുള്ളത്. ഇതിനുപുറമേ സ്റ്റഡി റൂം, സെക്രട്ടറി ഡെസ്ക്ക് , മൂന്നു കാറുകൾ പാർക്ക് ചെയ്യാവുന്ന ഗ്യാരേജ് എന്നിവയും ഒരുക്കിയിട്ടുണ്ട്. വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കമ്മ്യൂണിറ്റിയിലെ താമസക്കാർക്കായി കമ്മ്യൂണിറ്റി പൂൾ, ടെന്നീസ് കോർട്ട്, സ്പ്ലാഷ് പാഡ് എന്നീ സൗകര്യങ്ങളുമുണ്ട്.
2020 ലാണ് വീട് മുൻപ് കൈമാറ്റം ചെയ്യപ്പെട്ടത്. അതിനു മുൻപ് വീടിന്റെ ഉടമസ്ഥരായിരുന്ന മെലിന്ദ – റിച്ചാർഡ് ദമ്പതികൾ 25 വർഷം ഇവിടെ ജീവിച്ചിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ ഒട്ടേറെ വിശേഷങ്ങൾ പറയാനുള്ള ഒരു പ്രദേശമാണ് ഇത്. 47നു മുകളിൽ ബഹിരാകാശ സഞ്ചാരികളാണ് കമ്മ്യൂണിറ്റിയുടെ ഭാഗമായി ഇവിടെ ജീവിച്ചിട്ടുള്ളത്. അതിൽ ഏറ്റവും ശ്രദ്ധേയനായ നീൽ ആംസ്ട്രോങ്ങിന്റെ വീട് സ്വന്തമാക്കുന്നവർക്ക് അത് അഭിമാനിക്കാനുള്ള വകയുമാണ്.