വി.കെ. പ്രകാശ് സംവിധാനം ചെയ്ത മീരാ ജാസ്മിൻ-അശ്വിൻ ജോസ് ചിത്രം “പാലും പഴവും” പ്രേക്ഷകശ്രദ്ധ നേടുന്നു. ചിത്രത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിലെ മികവും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാകുന്നുണ്ട്. ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെയും വി.കെ.പിയുടേയും പ്രത്യേകതകൾ ചർച്ചയാകുന്നത്.
മലയാള സിനിമയിൽ ആദ്യമായി ഡോൾബി സൗണ്ട് കൊണ്ടുവന്നത് വി.കെ.പി യുടെ “പുനരധിവാസം” എന്ന ചിത്രത്തിലൂടെയാണ്. മലയാള സിനിമയിലേക്ക് ഡിജിറ്റൽ യുഗം കൊണ്ടുവന്നതും വി.കെ.പ്രകാശാണ്, തന്റെ “മൂന്നാമതൊരാൾ” എന്ന ചിത്രത്തിലൂടെ. ആദ്യമായി ഹെലിക്യാം ഉപയോഗിച്ച് ഷൂട്ട് ചെയ്ത ചിത്രം “ട്രിവാൻഡ്രം ലോഡ്ജ്” ആണ്. ആദ്യമായി സിങ്ക് സറൗണ്ട്, സറൗണ്ട് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രമാണ് നിത്യ മേനോൻ നായികയായി വന്ന “പ്രാണ”. വീണ്ടും മറ്റൊരു വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയിലേക്ക് വി. കെ.പ്രകാശ് എത്തിച്ചിരിക്കുന്നത്. ആദ്യമായി എ ഐ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) ഉപയോഗപ്പെടുത്തിയിട്ടുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് വി.കെ പ്രകാശ്,”പാലും പഴവും” എന്ന ചിത്രത്തിലൂടെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സഹായത്തോടെ മീരാ ജാസ്മിന്റെ രംഗങ്ങളാണ് ഒരുക്കിയത്. സിനിമയിൽ 33 വയസ്സുകാരി സുമി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. കഥയുടെ ഒരു ഭാഗത്തുള്ള 23 കാരിയായ സുമിയെയാണ് എ ഐ സഹായത്തോടെ അവതരിപ്പിച്ചത്.
രാജസ്ഥാനിൽ നിന്നുള്ള എ.ഐ. വിദഗ്‌ധൻ ദിവ്യേന്ദ്ര സിങ് ജാധൂനും വി എഫ് എക്സ് വിദഗ്ദ്ധൻ ബൗതിക് ബലാറും ചേർന്നാണ് മീര ജാസ്മിനെ പ്രായം കുറച്ച് അവതരിപ്പിച്ചത്. മീരയുടെ 23 വയസ്സിലുള്ള ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് അതിൽ റീക്രിയേഷൻ നടത്തിയാണ് ഈ കഥാപാത്രത്തെ ഒരുക്കിയിട്ടുള്ളത്. ഇത് തീർത്തും മീരയ്ക്കും പുതിയൊരു അനുഭവമായിരുന്നു നൽകിയത്. ഡബ്ബിങ്ങിലും പ്രായക്കുറവുള്ള ഒരാളായിട്ട് മീര ശബ്ദം നൽകുകയും ചെയ്തു. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് “പാലും പഴവും”. കൊച്ചിയും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഓഗസ്റ്റ് 23 നാണ് തീയറ്ററുകളിൽ എത്തിയത്. മീരയേയും അശ്വിനെയും കൂടാതെ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ – ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്. പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് -ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം ആദിത്യ നാനു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ പ്രൊജക്റ്റ് ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്.