ബോളിവുഡ് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം പേജ് ലൈക്ക് ചെയ്യാനെന്ന പേരിൽ പാർട്ട് ടൈം ജോലി തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 37 ലക്ഷംരൂപ. ഓരോ ലൈക്കിനും 70 രൂപയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ദിവസവും 2000 മുതൽ 3000 രൂപ വരെ സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. വിശ്വാസം ജനിപ്പിക്കാൻ ചില കമ്പനികളുടെ പേരുകളും തട്ടിപ്പുകാർ മുന്നോട്ടുവെച്ചിരുന്നു. വാട്‌സ്ആപ്പിലൂടെയാണ് 32 കാരനായ യുവാവിനെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് സന്ദേശം അയയ്ക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ തികച്ചും പ്രൊഫഷണലായിട്ടാണ് സന്ദേശങ്ങൾ എത്തിയിരുന്നത്.
നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയിൽ കരാർ കാലാവധി കഴിഞ്ഞതോടെ തുടർ ജോലിക്കായി രണ്ട് ഓൺലൈൻ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റുകളിൽ യുവാവ് ബയോഡാറ്റ അപ് ലോഡ് ചെയ്തിരുന്നു. ഇവിടെ നിന്നാണ് തട്ടിപ്പ് സംഘത്തിന് വിശദാംശങ്ങൾ ലഭിച്ചതെന്നാണ് സൂചന. ജോലി ചെയ്യുന്നുവെന്നതിന് തെളിവായി സ്‌ക്രീൻഷോട്ടുകൾ ഷെയർ ചെയ്യാനും സംഘം നിർദ്ദേശിച്ചിരുന്നു. യുവാവിൽ വിശ്വാസം ജനിപ്പിക്കാനായിരുന്നു ഇത്തരം നീക്കങ്ങൾ.
ക്രമേണ ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന ടെലിഗ്രാം ആപ്പിലേക്ക് യുവാവിനെ ഇവർ ആഡ് ചെയ്തു. തട്ടിപ്പിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വെബ്‌സൈറ്റിലേക്ക് ലോഗിൻ ഐഡിയും പാസ് വേഡും നൽകി യുവാവിനെ ചേർത്തു. തുടർന്ന് ബിറ്റ്‌കോയിനും ക്രിപ്‌റ്റോ കറൻസിയും വാങ്ങാനായി കുറച്ച് തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
ആദ്യം 9000 രൂപ നിക്ഷേപിച്ചപ്പോൾ 9980 രൂപ തിരികെ ലഭിച്ചു. ഇതോടെ യുവാവിനും വിശ്വാസം തോന്നി. കൂടുതൽ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നേടാനാകുമെന്ന തോന്നലിൽ 30,000 രൂപ കൂടി നിക്ഷേപിച്ചു. ഇതിൽ 8,208 രൂപ ലാഭം കിട്ടി. ഇതോടെ തട്ടിപ്പിന്റെ അടുത്ത ഘട്ടം തുടങ്ങി. ടെലിഗ്രാമിൽ തന്നെയുളള വിഐപി ഗ്രൂപ്പിലേക്ക് യുവാവിനെ ആഡ് ചെയ്തു. ഇവിടെ ബിറ്റ്‌കോയിനും ക്രിപ്‌റ്റോ കറൻസിയും വാങ്ങാനായി കൂടുതൽ തുക നിക്ഷേപിക്കണമെന്നും വമ്പൻ ലാഭം ലഭിക്കുമെന്നും ഇവർ യുവാവിനെ വിശ്വസിപ്പിച്ചു.
നിക്ഷേപിക്കുന്ന തുക ആവശ്യമുളളപ്പോൾ തിരികെ പിൻവലിക്കാവുന്നതാണെന്നും തട്ടിപ്പുസംഘം വിശ്വസിപ്പിച്ചു. തുടർന്നാണ് 37.03 ലക്ഷം രൂപ യുവാവ് ഒറ്റയടിക്ക് നിക്ഷേപിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ലാഭമോ നിക്ഷേപ തുകയോ ലഭിക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടതായി ഇയാൾ മനസിലാക്കുകയായിരുന്നു.