വിശ്രമമില്ലാതെ പണിയെടുത്താലും ജീവിച്ചുപോകാൻ പണം തികയാറില്ലെന്നു പറയുന്നവരുടെ കഥകളാണു നാം കേൾക്കാറുള്ളത്. എന്നാൽ, ദിവസവും ഒരു മണിക്കൂർ മാത്രം ജോലി ചെയ്ത് കോടിയിലേറെ രൂപ സമ്പാദിക്കാനായാലോ? ഗൂഗിളിലെ ഒരു സോഫ്‌റ്റ്‌വെയർ എൻജിനീയറാണ് ഈ ഭാഗ്യവാൻ.
ഫോർച്യൂണിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണു മിടുക്കനായ ഐടി ജീവനക്കാരൻ ഡേവൻ എന്നയാളുടെ (യഥാർഥ പേരല്ല) കഥ പറയുന്നത്. കോഡിങ് ആണ് ഡേവന്റെ കർമമേഖല. ദിവസവും ഒരു മണിക്കൂർ മാത്രം കോഡിങ്ങിനായി ചെലവഴിക്കുന്ന ഇദ്ദേഹം ബാക്കി സമയം സ്വന്തം സ്റ്റാർട്ടപ്പിന്റെ പ്രവർത്തനത്തിലാണു ശ്രദ്ധിക്കുന്നത്. ഗൂഗിളിൽ തന്നെയാണ് ഡേവൻ ഇന്റേൺഷിപ് ചെയ്തതും. ജോലിക്കാരന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇന്റേൺഷിപ് കാലയളവിൽ, പറഞ്ഞതിനേക്കാൾ വളരെ നേരത്തേതന്നെ കോഡിങ് തീർത്താണ് ഡേവൻ പ്രതിഭ തെളിയിച്ചത്. ജീവനക്കാർ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ഓഫിസിൽ എത്തണമെന്നാണു ഗൂഗിളിന്റെ നിയമം. എന്നാൽ മാനേജർമാർക്ക് ഇതിൽ ഇളവുകൾ നൽകാൻ അധികാരമുണ്ട്. ഡേവനോടു സൗഹൃദമായതിനാൽ ഓഫിസിൽ വരണമെന്നു മാനേജർ നിർബന്ധം പിടിക്കാറില്ല. ഏൽപ്പിക്കുന്ന ജോലി തീർക്കുന്നതിൽ മാത്രമാണു തന്റെ ശ്രദ്ധയെന്നു ഡേവനും പറയുന്നു.