ഒരു പുത്തൻ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന്റെ പകുതിയുടെ പകുതി കാശുണ്ടെങ്കിൽ ഇത്തരം സൈക്കിളുകൾ വാങ്ങാനാവും. കൂടെ ആരോഗ്യവും മെച്ചപ്പെടും. അടുത്തിടെയായി നിരവധി മോഡലുകളാണ് നമ്മുടെ വിപണിയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്. ആ നിരയിലേക്കിതാ ഇവി ടെക്‌നോളജി പ്രൊവൈഡറായ ഗിയർ ഹെഡ് മോട്ടോർസ് (GHM) കിടിലൻ ഒരു മോഡലിനെ കൊണ്ടുവന്നിരിക്കുകയാണ്. L 2.0 സീരീസ് ഇലക്ട്രിക് സൈക്കിൾ എന്നറിയപ്പെടുന്ന ഇവക്ക് ഇന്ത്യയിൽ 24,999 രൂപയാണ് വില വരുന്നത്. താങ്ങാനാവുന്ന വിലയിൽ വാങ്ങാനാവുന്നതിനൊപ്പം കുറഞ്ഞ ചെലവിൽ ചെറിയ യാത്രകൾ ചെയ്യാനാവുമെന്നത് വലിയൊരു നേട്ടമാണ്. ആധുനിക യാത്രക്കാർ, സൈക്ലിംഗ് പ്രേമികൾ, പരിസ്ഥിതി ബോധമുള്ള വ്യക്തികൾ എന്നിവരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി പറയുന്നു.
L 2.0 സീരീസ് ഇലക്ട്രിക് സൈക്കിൾ ഗിയർ ഹെഡ് മോട്ടോർസിന്റെ വിപുലമായ വൈദ്യുത സൈക്കിൾ നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്. വൈവിധ്യമാർന്ന സെഗ്‌മെന്റുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇവ കാര്യക്ഷമവും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഗതാഗതം ആഗ്രഹിക്കുന്ന നഗര യാത്രക്കാരോ ആവേശകരമായ ഔട്ട്‌ഡോർ അനുഭവങ്ങൾ കൊതിക്കുന്ന ഉത്സാഹികളെയും തൃപ്ത്തിപ്പെടുത്തുമെന്നും കമ്പനി പറയുന്നു.
ഗിയർ ഹെഡ് മോട്ടോർസിൽ നിന്നുള്ള L 2.0 സീരീസ് ഇലക്ട്രിക് സൈക്കിളിന് ശക്തമായ 250-വാട്ട് GHM മോട്ടോർ ഉണ്ട്. വിവിധ റൈഡിംഗ് ശൈലികളും ഭൂപ്രദേശങ്ങളെയും മറികടക്കാനുള്ള ശേഷി മോഡലിനുണ്ടെന്ന് ഇതുറപ്പാക്കും. തിരക്കേറിയ നഗരങ്ങളിൽ സഞ്ചരിക്കുകയോ ദുർഘടമായ പാതകൾ പര്യവേക്ഷണം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ ഈ ഇ-ബൈക്ക് പെഡൽ അസിസ്റ്റിൽ 30 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യും.
രണ്ട് മണിക്കൂറിനുള്ളിൽ ഇലക്ട്രിക് സൈക്കിളിന്റെ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാം എന്നതും ശ്രദ്ധേയമാണ്. ബിൽറ്റ്-ഇൻ ബാറ്ററിക്ക് ഫാസ്റ്റ് ചാർജിംഗ് കഴിവുകളുണ്ടെന്നും കമ്പനി പറയുന്നു. ബാറ്ററി മാനേജ്മെന്റ് സിസ്റ്റം വഴി 2 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യുന്നത് തികച്ചും സേഫാണ്. മെച്ചപ്പെട്ട ദീർഘായുസ്സിനും വിശ്വാസ്യതയ്ക്കും വേണ്ടി വാട്ടർ, ഡസ്റ്റ് എന്നിവയെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത കരുത്തുറ്റ ബിൽഡ് ഉപയോഗിച്ചാണ് ഇ-സൈക്കിൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
സൈക്കിളിന്റെ 85 ശതമാനത്തിലധികം ഘടകങ്ങളും പ്രാദേശികമായി ഉത്പ്പാദിപ്പിക്കപ്പെടുന്നുവെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള ഗിയർ ഹെഡ് മോട്ടോർസ് പറയുന്നു. സുസ്ഥിരമായ നിർമാണ രീതികളോടുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയുമായി ഇത് യോജിക്കുകയും ചെയ്യുന്നു. ഈ സമീപനം പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്ക്കുകയും പാരിസ്ഥിതിക ആഘാതകങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ ഗിയർ ഹെഡ് മോട്ടോർസിന്റെ L 2.0 സീരീസ് ഇലക്ട്രിക് സൈക്കിൾ സുസ്ഥിര നഗര ഗതാഗതത്തിലെ ഒരു സുപ്രധാന വികസനത്തെയാണ് പ്രതിനിധീകരിക്കുന്നത്. താങ്ങാനാവുന്ന വില, കാര്യക്ഷമത, ഈട് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള നിർമാണം പരിസ്ഥിതി ബോധമുള്ള യാത്രക്കാർക്കും താത്പ്പര്യമുള്ളവർക്കും ഒരു പ്രായോഗിക വാഹനമാക്കി ഇതിനെ മാറ്റുന്നു.