ലണ്ടൻ :ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിനുള്ള പോരാട്ടം സജീവമാക്കി അഴ്സണൽ. മൂന്നാംസ്ഥാനക്കാരായ ന്യൂകാസിൽ യുണൈറ്റഡിനെ രണ്ട് ഗോളിന് തോൽപ്പിച്ച് ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് അരികിലെത്തി. സിറ്റിയെക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ് അഴ്സണൽ.
സിറ്റിക്ക് 34 കളിയിൽ 82 പോയിന്റാണ്. അഴ്സണലിന് 35 കളിയിൽ 81. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു. വെസ്റ്റ്ഹാം യുണൈറ്റഡിനോട് ഒരു ഗോളിനാണ് തോറ്റത്.
അവസാനമത്സരങ്ങളിൽ പതർച്ച കാണിച്ചെങ്കിലും നിർണായകഘട്ടത്തിൽ അഴ്സണൽ ഉണർന്നു. ന്യൂകാസിലിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയപ്പോൾ മാർട്ടിൻ ഒദെഗാർദാണ് അഴ്സണലിനായി തിളങ്ങിയത്. ഒരു ഗോൾ ഒദെഗാർദ് നേടി. മറ്റൊന്ന് ന്യൂകാസിൽ പ്രതിരോധക്കാരൻ ഫാബിയൻ ഷാറിന്റെ പിഴവു ഗോളായിരുന്നു.
ആവേശകരമായ പോരാട്ടമായിരുന്നു ന്യൂകാസിൽ തട്ടകമായ സെന്റ് ജയിംസ് പാർക്കിൽ. കളി തുടങ്ങി 14–-ാംമിനിറ്റിൽ ഒദെഗാർദ് അഴ്സണലിനെ മുന്നിലെത്തിച്ചു. ജോർജീന്യോയാണ് അവസരമൊരുക്കിയത്. ന്യൂകാസിൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഷാറിന്റെ പിഴവുഗോളിൽ അവർ തളർന്നു.
മൂന്നാംസ്ഥാനത്തെത്താനുള്ള യുണൈറ്റഡിന്റെ മോഹങ്ങൾ കനത്ത തിരിച്ചടിയായി വെസ്റ്റ്ഹാമിനോടുള്ള തോൽവി. സയ്ദ് ബെൻറഹ്മയുടെ ഗോളിലായിരുന്നു വെസ്റ്റ്ഹാമിന്റെ ജയം. ഡേവിഡ് ഡെഗെയുടെ പിഴവാണ് ഗോളിൽ കലാശിച്ചത്. യുണൈറ്റഡിന് നാലാംസ്ഥാനത്ത് 65 പോയിന്റാണ്. 62 പോയിന്റുമായി ലിവർപൂൾ തൊട്ടുപിന്നിലുണ്ട്. ലിവർപൂൾ ഒരു മത്സരം കൂടുതൽ കളിച്ചു.