സംസ്ഥാനത്തെ ബിരുദ പരീക്ഷകള്‍ ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെയായി ചുരുക്കാന്‍ നിര്‍ദേശം

Advertisements
Advertisements

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ബിരുദ പരീക്ഷകളുടെ ദൈര്‍ഘ്യം മൂന്നില്‍നിന്ന് ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെയായി ചുരുക്കാൻ നിര്‍ദേശം.

Advertisements

അടുത്ത വര്‍ഷം സര്‍വകലാശാലകളിലും കോളജുകളിലും പൂര്‍ണമായി നടപ്പാക്കുന്ന നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ക്കായി ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി തയാറാക്കിയ കരിക്കുലം ഫ്രെയിംവര്‍ക്കിലാണ് (പാഠ്യപദ്ധതി ചട്ടക്കൂട്) സെമസ്റ്റര്‍ അവസാനത്തില്‍ നടത്തുന്ന പരീക്ഷകളുടെ സമയം ചുരുക്കാനുള്ള നിര്‍ദേശമുള്ളത്.

ചുരുങ്ങിയത് ഒന്നര മണിക്കൂറും പരമാവധി രണ്ടു മണിക്കൂറുമുള്ള പരീക്ഷയാണ് കരിക്കുലം കമ്മിറ്റി നിര്‍ദേശിക്കുന്നത്. എല്ലാ സെമസ്റ്ററുകളിലും നിരന്തര മൂല്യനിര്‍ണയത്തിന് അവസരമുണ്ടാകണം. വിദ്യാര്‍ഥിയെ വിലയിരുത്തുന്നതില്‍ നിരന്തര മൂല്യനിര്‍ണയം 40 ശതമാനം വരെയാകാമെന്നും കരിക്കുലം ഫ്രെയിംവര്‍ക്കില്‍ പറയുന്നു. നിലവില്‍ എഴുത്തുപരീക്ഷക്ക് 80 ശതമാനവും നിരന്തര മൂല്യനിര്‍ണയത്തിന് 20 ശതമാനവുമാണ് മാര്‍ക്ക്. നിരന്തര മൂല്യനിര്‍ണയത്തിന്‍റെ ഭാഗമായി ഒരു ലൈബ്രറി അസൈൻമെന്‍റും നിര്‍ദേശിക്കുന്നുണ്ട്. ചുമതലയുള്ള അധ്യാപകൻ നടത്തുന്ന ക്ലാസ് പരീക്ഷയും സെമസ്റ്ററിന് ഇടയിലുള്ള പരീക്ഷകളും നിരന്തര മൂല്യനിര്‍ണയത്തിന്‍റെ ഭാഗമാക്കാം.

Advertisements

സെമസ്റ്റര്‍ അവസാനത്തില്‍ എഴുത്ത്, കമ്ബ്യൂട്ടര്‍ അധിഷ്ഠിതം, വാചാ, പ്രായോഗിക പരീക്ഷ സാധ്യതകള്‍ ഉപയോഗിക്കാം. വിദ്യാര്‍ഥികള്‍ നേരിട്ട് ഹാജരായുള്ള രീതിയിലോ ഓണ്‍ലൈൻ രീതിയിലോ പരീക്ഷ നടത്താം. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥിയുടെ പ്രകടനം ഒരു അധ്യാപകനോ അധ്യാപകരുടെ സംഘമോ ചേര്‍ന്ന് വിലയിരുത്താം. വിദ്യാര്‍ഥിക്ക് പഠനനേട്ടങ്ങള്‍ പ്രകടിപ്പിക്കാൻ കഴിയുന്നതായിരിക്കണം വിലയിരുത്തലും മൂല്യനിര്‍ണയവും.

ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി തയാറാക്കി നല്‍കിയ കരിക്കുലം ഫ്രെയിംവര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സര്‍വകലാശാലകള്‍ നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ക്കുള്ള പാഠ്യപദ്ധതി ഉള്‍പ്പെടെ തയാറാക്കുക. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പരീക്ഷ പരിഷ്കരണ കമീഷൻ ഓപണ്‍ ബുക്ക് പരീക്ഷ രീതിക്ക് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും കരിക്കുലം കമ്മിറ്റി തയാറാക്കിയ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ ഈ രീതി നിര്‍ദേശിച്ചിട്ടില്ല.
കേരള സര്‍വകലാശാലയില്‍ ഈ വര്‍ഷം നാലു ബിരുദ കോഴ്സുകള്‍ നാലു വര്‍ഷ രീതിയില്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ കേരളത്തിലെ മുഴുവൻ സര്‍വകലാശാലകളിലും അവയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലും നാലു വര്‍ഷ ബിരുദ കോഴ്സ് തുടങ്ങാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!