ബെംഗളൂരു: കാമുകനൊപ്പം പോയി തിരിച്ചെത്തിയ യുവതി ഭര്‍ത്താവിന്റെ ജീവനെടുത്തു. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. പ്രതികളായ കാവ്യ, കാമുകന്‍ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവന്‍ഗരെയിലെ ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകന്‍ ബിരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ- ഈ മാസം ഒന്‍പതിനാണ് നിംഗരാജിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ടെറസില്‍നിന്ന് വീണാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് കാവ്യ പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ നിംഗരാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവരുന്നത്. ബിരേഷ് എന്ന യുവാവുമായി ചേര്‍ന്നാണ് കാവ്യ കൊലപാതകം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
കാവ്യയും ബിരേഷും മൂന്നു മാസത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി പോയിരുന്നു. എന്നാല്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് ഇരുവരെയും പിടികൂടി. പിന്നീട് നാട്ടുകൂട്ടം ചേര്‍ന്ന് ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നു കാവ്യയെ തിരികെ സ്വീകരിക്കാന്‍ നിംഗരാജ തയാറാകുകയും ചെയ്തു.
അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതരായ കാവ്യയ്ക്കും നിംഗരാജയ്ക്കും ഒരു കുട്ടിയുണ്ട്. തിരികെ നിംഗരാജിനൊപ്പം താമസം തുടങ്ങിയെങ്കിലും കാവ്യ ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയാറായിരുന്നില്ല. ബിരേഷുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ സംഭവദിവസം കാവ്യയും നിംഗരാജും തമ്മില്‍ വഴക്കുണ്ടായി. ഇതിനെത്തുടര്‍ന്നു ബിരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാവ്യ, നിംഗരാജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.