തിരുവനന്തപുരം: ത്യാഗ സമരണയിൽ ഇന്ന് ബലിപെരുന്നാൾ. പള്ളികളിലും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികളെ വരവേറ്റു. സമാഗമങ്ങളുടെയും പ്രാർത്ഥനകളുടെയും കൂടിയാണ് വിശ്വാസികൾക്ക് ഈ ദിനം.
പ്രിയപ്പെട്ട പുത്രൻ ഇസ്മായിലിനെ ദൈവത്തിൻറെ ആജ്ഞയാൽ ബലി നൽകാൻ ഒരുങ്ങിയ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണമാണ് ബലിപെരുന്നാൾ. സർവ്വതും ദൈവത്തിനു മുമ്പിൽ അർപ്പിക്കുക എന്ന പരിത്യാഗത്തിന്റെ വലിയ സന്ദേശം കൂടിയാണ് ഇസ്ലാം മത വിശ്വാസികൾക്ക് ഈ ദിനം. ദുൽഹജ്ജ് മാസത്തിലെ പത്താം ദിനം ആണ് ബലിപെരുന്നാൾ ദിനമായി ഇസ്ലാമിക വിശ്വാസികൾ ആചരിക്കുന്നത്. കേരളത്തിൽ ദുൽഹജ്ജ് 10 ഇന്നും ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയുമാണ്.
പള്ളികൾ പെരുന്നാൾ നമസ്‍കാരത്തിനു ഒരുങ്ങി കഴിഞ്ഞു. മഴ തുറസായ സ്ഥലങ്ങളിലെ ഈദ് ഗാഹുകൾക്ക് തടസ്സം ആയേക്കും എന്നത് കൊണ്ട് പള്ളികൾക്ക് ഉള്ളിൽ ആകും പ്രാർത്ഥനകൾ. പെരുന്നാൾ ദിനം ബന്ധു സുഹൃത്ത് സമാഗമങ്ങളുടെ ദിനം കൂടി ആണ്. ഒന്നിച്ചിരുന്ന് സ്നേഹവും സാഹോദര്യവും സൗഹൃദവും എല്ലാം പങ്കു വെക്കുന്ന പതിവ്, മലബാറിലെ മാറാത്ത ഒരു പെരുന്നാൾ വിശേഷം കൂടിയാണ്.