ബെംഗളൂരു: ഓൺലൈൻ ഗെയിമുകളിലൂടെ 65 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്ത വിജിത് ശാന്താരാമ ഹെഗാഡെ എന്നയാളാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് വിജിത് ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്.
ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞതിന് ശേഷമായിരുന്നു വിജിത് വീടുവിട്ടിറങ്ങിയത്. വിജിത് മടങ്ങിയതിന് ശേഷം ഭയപ്പെട്ട മാതാപിതാക്കൾ സിർസി പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. വിജിത്തിന്റെ ഫോൺ ട്രാക്ക് ചെയ്തതോടെ വീടിന്റെ പരിസരത്ത് തന്നെയുണ്ടെന്ന് മനസിലാക്കി. പിന്നീട് നടത്തിയ തിരച്ചിലിലാണ് വീടിന് പിന്നിലെ വനത്തിൽ നിന്ന് മൃതദേഹം ലഭിച്ചത്.
വിജിത്തിന്റെ ആത്മഹത്യക്കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. ഓൺലെൻ ഗെയിമുകൾ വഴി സമ്പാദിച്ച പണമെല്ലാം നഷ്ടമായെന്നും 65 ലക്ഷം രൂപ ലോൺ എടുത്തിട്ടുള്ളതായുമാണ് കുറിപ്പിൽ നിന്ന് ലഭിച്ച വിവരമെന്ന് പോലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിജിത്തിന്റെ ഫോൺ അൺലോക്ക് ചെയ്തിട്ടില്ലെന്നാണ് വിവരം ലഭിക്കുന്നത്. ഏത് ഗെയിമിനാണ് വിജിത് അടിമയായതെന്ന് നമുക്ക് അറിയില്ല. ഒരുപാട് പണം സമ്പാദിച്ചിരുന്നെന്നും പിന്നീട് അത് നഷ്ടമായെന്നുമാണ് മനസിലാക്കുന്നത്. ബാങ്കിൽ നിന്നും കൂട്ടുകാരിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്, പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.