തിരുവനന്തപുരം: കേരളം എയ്റോസ്പേസ്-റോബോട്ടിക്സ് മേഖലയിൽ രാജ്യത്തിൻ്റെ ഹബ്ബാകാനൊരുങ്ങവെ ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് തുടക്കം കുറിക്കുകയാണ് യുവഎഞ്ചിനീയര്‍മാരുടെ കൂട്ടായ്മയില്‍ പിറന്ന കേരളത്തിന്റെ ആദ്യത്തെ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ ‘ഐഎയ്‌റോ സ്‌കൈ’. 2026-ഓടെ കുറഞ്ഞ ചെലവില്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ആശയവിനിമയ സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കമ്പനി കൊച്ചിയിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
റോബോട്ടിക്‌സ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐഹബ്ബ് റോബോട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമായ ഐ എയ്റോ സ്‌കൈ ഇതിനോടകം ഒരു കമ്യൂണിക്കേഷന്‍ സാറ്റലൈറ്റിൻ്റെ നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞു. പ്രശസ്ത ശാസ്ത്രജ്ഞനായ നമ്പിനാരായണന്റെ പേരിൽ എയ്‌റോ സ്‌പേസ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത നമ്പി സാറ്റ് 1 ന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നിർവഹിച്ചു. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് അതോറൈസേഷന്‍ സെന്ററിന്റെ (ഇന്‍-സ്‌പേസ്) സഹകരണത്തോടെ ഐ എസ് ആര്‍ ഒയുടെ റോക്കറ്റില്‍ വിക്ഷേപിക്കാനായി ഈ സാറ്റലൈറ്റും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍, പരിസ്ഥിതി, കൃഷി എന്നീ മേഖലകള്‍ക്കാവശ്യമായ കൃത്യതയുള്ള ഡാറ്റ ലഭ്യമാക്കുകയാണ് നമ്പി സാറ്റ് 1ന്റെ ദൗത്യം. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മുന്‍പ് ശേഖരിച്ച ഡാറ്റകളും പുതിയ ഡാറ്റകളും താരതമ്യം ചെയ്താണ് നമ്പി സാറ്റ് പുതിയ ഡാറ്റകള്‍ സൃഷ്ടിക്കുക.
വിജ്ഞാനാധിഷ്ഠിതമായ മേഖലകളിൽ നൂതനവ്യവസായങ്ങളെ ആകർഷിക്കുക എന്ന പ്രഖ്യാപിത നയം വളരെ കൃത്യമായി നടപ്പിലായിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. സമീപകാലത്ത് വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് മുതൽക്കൂട്ടാകുന്ന മികച്ച സ്റ്റാർട്ടപ്പുകളും വലിയ വ്യവസായങ്ങളും കേരളത്തിലേക്ക് കടന്നുവരുന്നു എന്നത് ദിശാബോധത്തോടെയുള്ള സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. ഇത്തരം വ്യവസായങ്ങൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും പുതിയ വ്യവസായ നയം കൊണ്ടുവന്നും മികച്ച പ്രോത്സാഹനം നൽകാനും സർക്കാർ തയ്യാറാകുന്നുണ്ട്. രാജ്യത്തിൻ്റെ എയ്റോസ്പേസ്-റോബോട്ടിക്സ് ഹബ്ബാകാൻ നമുക്ക് സാധിക്കുമെന്ന് തന്നെയാണ് ഇപ്പോൾ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകളും കടന്നുവരുന്ന നിക്ഷേപങ്ങളും സൂചിപ്പിക്കുന്നത്