ഓൺലൈൻ തട്ടിപ്പുകൾ ദിനം പ്രതി പെരുകിക്കൊണ്ടിരിക്കുന്ന രാജ്യത്തു തട്ടിപ്പുകേന്ദ്രമായി ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോം ആയ വാട്സാപ്പ് മാറി. വാട്സാപ്പ് ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കഥകൾ എപ്പോഴും കേൾക്കുന്നു. ഉപയോക്താക്കളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ കമ്പനിക്ക് ആഗോള തലത്തിൽ തന്നെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്.
2021 ഐ ടി റൂൾ പ്രകാരം എല്ലാ മാസവും കമ്പനി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെ സുരക്ഷ നയത്തിന്റെ ഭാഗമായി 65 ലക്ഷം ഇന്ത്യൻ വാട്സാപ്പ് അക്കൗണ്ടുകൾക്ക് വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ വിലക്കേർപ്പെടുത്തി.
ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 6,508,000 വാട്സാപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്തു. ഇതിൽ 2.420,700 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് പരാതികൾ ലഭിക്കുന്നതിനു മുൻപായി വിലക്കെർപ്പെടുത്തിയിട്ടുണ്ട്. പരാതി പരിഹാര സംവിധാനം വഴി 3912 പരാതികൾ ലഭിച്ചതിൽ 297 അക്കൗണ്ടുകൾക്കെതിരെ ആണ് നടപടി സ്വീകരിച്ചത്.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ധാരാളം ഫീച്ചറുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ, റ്റു സ്റ്റെപ് വെരിഫിക്കേഷൻ, ഫോർവേഡ് ലിമിറ്റ് എന്നിങ്ങനെ ധാരാളം സുരക്ഷ സംവിധാനങ്ങൾ വാട്സാപ്പ് ദുരുപയോഗത്തിനെതിരെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ചാറ്റ് ലോക്ക് ഫീച്ചറും കമ്പനി അവതരിപ്പിച്ചു. കൂടാതെ പ്രൈവസി ചെക്ക് ഫീച്ചർ വഴി ഉപയോക്താവിന് ആവശ്യമുള്ള സുരക്ഷ സംവിധാനങ്ങൾ തെരെഞ്ഞെടുക്കാവുന്നതുമാണ്.