അധിക ദൂരം ചവിട്ടേണ്ട, ചെറിയ ദൂരങ്ങളിലേക്ക് വൈദ്യുതി ഉപയോഗിച്ച് എത്തിച്ചേരാം എന്നതെല്ലാം ഇലക്‌ട്രിക് സൈക്കിളുകളെ അതിവേഗം ജനപ്രിയരാക്കി മാറ്റി. ഒരു ഇ-സ്‌കൂട്ടർ വാങ്ങുന്നതിന്റെ പകുതിയുടെ പകുതി വിലയുണ്ടെങ്കിൽ ഇത്തരം സൈക്കിളുകൾ വാങ്ങാനാവും. പാസഞ്ചർ കാർ വിപണിയിലെ അതികായകൻമാരായ ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സ്‌ട്രൈഡർ ബ്രാൻഡും താങ്ങാനാവുന്ന വിലയിൽ പുതിയൊരു ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.
സ്‌ട്രൈഡർ സീറ്റ ശ്രേണിയിലേക്കാണ് പുതിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. സീറ്റ പ്ലസ് എന്ന് വിളിക്കപ്പെടുന്ന ഇത് വിശ്വസനീയവും സാമ്പത്തികവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗം തേടുന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. വളരെ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുക ചെയ്‌തതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഈ പുത്തൻ സൈക്കിൾ പ്രാപ്‌തമായിരിക്കും
സ്‌ട്രൈഡർ സീറ്റ പ്ലസിനായി 26,995 രൂപ മാത്രമാണ് മുടക്കേണ്ടി വരുന്നത്. ഇത് ആമുഖ വില മാത്രമായിരിക്കുമെന്നും ഒരു പരിമിത കാലയളവിന് ശേഷം 6,000 രൂപ വരെ ഇലക്ട്രിക് സൈക്കിളിന് വർധിപ്പിക്കുമെന്നും ടാറ്റ ഇന്റർനാഷണൽ അറിയിച്ചിട്ടുണ്ട്. പുതിയ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്‌ട്രൈഡറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ബുക്ക് ചെയ്യാം. നിലവിൽ വിൽപ്പന ഓൺലൈൻ വഴി മാത്രമാണെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.
സൈക്ലിംഗ് വ്യവസായത്തിലെ ഒരു മുൻനിര ബ്രാൻഡ് എന്ന നിലയിൽ, രാജ്യത്ത് ഇതര യാത്രാ മാർഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. സീറ്റ പ്ലസ് ഉപയോഗിച്ച് സ്റ്റൈലിഷും കാര്യക്ഷമവുമായ ഗതാഗത മാർഗം സ്വന്തമാക്കുന്നതിനൊപ്പം വിശ്വസനീയവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ പരിഹാരവും സ്ട്രൈഡർ ഇലക്ട്രിക് സൈക്കിൾ ഉറപ്പുനൽകുന്നുവെന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച സ്ട്രൈഡറിന്റെ ബിസിനസ് ഹെഡ് രാഹുൽ ഗുപ്ത പറഞ്ഞു.
ഉയർന്ന ശേഷിയുള്ള 36-വോൾട്ട്/6 Ah ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സൈക്കിളിൽ സ്ട്രൈഡൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് മൊത്തം 216 Wh ഊർജ്ജ ശേഷി നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. എല്ലാത്തരത്തിലുമുള്ള ഭൂപ്രദേശങ്ങളിലും ആസ്വാദ്യകരമായ റൈഡിംഗ് ഉറപ്പാക്കുന്നതിന് മതിയായ പവർ പുതിയ സീറ്റ പ്ലസ് ഉറപ്പുനൽകുന്നുവെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. സ്ട്രൈഡർ സീറ്റ പ്ലസിന് അതിന്റെ മുൻഗാമിയായ സീറ്റ ഇ-ബൈക്കിനെ അപേക്ഷിച്ച് വിപുലമായ ബാറ്ററി ശേഷിയുണ്ട്.
അതിനാൽ, കൂടുതൽ ദൂരത്തേക്ക് അനായാസമായി എത്താൻ ഇത് പ്രാപ്തമാക്കുന്നു, കൂടാതെ മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിലും ഇലക്ട്രിക് സൈക്കിളിന് സഞ്ചരിക്കാനാവും. പെഡൽ അസിസ്റ്റിന്റെ സഹായത്തോടെ സീറോ-എമിഷൻ സൈക്കിളിന്റെ വേഗത 30 കിലോമീറ്റർ വരെ ഉയർത്താനും കഴിയും. ബാറ്ററി പായ്ക്ക് ഫുൾ ചാർജാകാൻ മൂന്നോ നാലോ മണിക്കൂർ മാത്രമേ എടുക്കൂവെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.