മുംബൈയില്‍ 1.2 കോടി വിലമതിക്കുന്ന ആഡംബര ഫ്‌ളാറ്റ്, താനെയില്‍ വാടയ്ക്ക് നല്‍കുന്ന രണ്ട് കടമുറികള്‍, പ്രതിമാസം നേടുന്നത് 60,000 രൂപ മുതല്‍ 70,000 രൂപ വരെ…ഇതാണ് ഭരത് ജെയ്ന്‍ എന്ന ഭിക്ഷക്കാരന്റെ വിശേഷണം. സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി വൈറലായിക്കൊണ്ടിരിക്കുന്ന ഈ ഭിക്ഷക്കാരന്റെ വാര്‍ത്ത സീ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
‘പിച്ചക്കാരന്‍’ എന്ന വെറും വാക്ക് കൊണ്ട് വിശേഷിപ്പിക്കാന്‍ കഴിയില്ല ഭരത് ജെയ്‌നെ. ലോകത്തെ ഭിക്ഷക്കാരുടെ കണക്കുനോക്കിയാല്‍ ഏറ്റവും സമ്പന്നനായ ഭിക്ഷക്കാരനാണ് ഇയാള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭിക്ഷയെടുത്ത് മാത്രം നേടിയെടുത്ത സമ്പത്താണ് ഫ്‌ളാറ്റും കടമുറികളുമെല്ലാം. ഇപ്പോള്‍ കടമുറികളില്‍ നിന്നുള്ള വരുമാനം മാത്രം പ്രതിമാസം 30,000 രൂപയാണത്രെ.
മക്കളെ കോണ്‍വെന്റ് സ്‌കൂളിലയച്ച് പഠിപ്പിക്കുന്നു. പരേലിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ഭാര്യയും രണ്ട് ആണ്‍മക്കളും സഹോദരനും പിതാവും അടങ്ങുന്നതാണ് കുടുംബം. ഇതില്‍ ഭരതിന്റെ വീട്ടുകാര്‍ തന്നെയാണ് താമസിക്കുന്നത്.
മുംബൈയില്‍ തന്നെ പലചരക്ക് കടയും ചെറിയ കച്ചവടങ്ങളുമെല്ലാം നടത്തുന്നവരാണ് കുടുംബാംഗങ്ങള്‍. എങ്കിലും ഭരത് ജെയ്ന്‍ ഭിക്ഷയെടുക്കല്‍ അവസാനിപ്പിക്കുന്നില്ല. ഇതുവരെ നേടിയെടുത്തതെല്ലാം ഭിക്ഷയെടുത്ത് തന്നെയാണ് എന്നും അതിനാൽ അത് ഉപേക്ഷിക്കാൻ ബുദ്ധിമുട്ടാണ് എന്നുമാണ് ഭാരത് പറയുന്നത്.
ദിവസവും 10-12 മണിക്കൂര്‍ ഇയാള്‍ യാചിക്കും. ഭരത് ജെയ്ന്‍മാര്‍ ഇത്തരത്തിലാണ് തിരക്കു നിറഞ്ഞ നഗരങ്ങളില്‍ വരുമാനം കൊയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നിറയും, അവരുടെ പോക്കറ്റുകളും.