സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ അയച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഒരിക്കല്‍ കൂടി സൗര സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി. പതിനാറാം തവണയും സൗരാന്തരീക്ഷത്തിലെത്തിയ പാര്‍ക്കറിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയിലുമാണ് തിരിച്ചെത്തിയതെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വ്യക്തമാക്കി. മണിക്കൂറില്‍ 5,86,782 കിലോമീറ്റര്‍ വേഗതയിലാണ് പാര്‍ക്കര്‍ സൂര്യനടുത്ത് കൂടി സഞ്ചരിച്ചത്. സൂര്യന്റെ 85,29,523 കിലോമീറ്ററിനുള്ളില്‍ വരെയെത്താന്‍ പാര്‍ക്കറിന് കഴിഞ്ഞു.
സൂര്യനടുത്ത് എത്തിയതിന് ശേഷം കഴിഞ്ഞ മാസം പേടകത്തിന്റെ സഞ്ചാരപാതയില്‍ മാറ്റങ്ങള്‍ വരുത്തിയതായി ജോണ്‍സ് ഹോപ്കിന്‍സ് ലബോറട്ടറിയിലെ പാര്‍ക്കര്‍ ടീം അറിയിച്ചു. മുന്‍നിശ്ചയിച്ച രീതിയിലുള്ള പേടകത്തിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനാണ്് കൃത്യമായ ഇടവേളകളില്‍ പേടകത്തിന്റെ സഞ്ചാരപാതയില്‍ മാറ്റം വരുത്തുന്നത്. അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ സഞ്ചാരപാതയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ആഗസ്റ്റ് 21ന് ശുക്രനരുകിലെത്തുകയാണ് പേടകത്തിന്റെ അടുത്ത ലക്ഷ്യം. ഇത് ആറാമത്തെ തവണയാണ് പാര്‍ക്കര്‍ ശുക്രനരുകിലെത്തുന്നത്.
നാസയുടെ നക്ഷത്രത്തിനൊപ്പം ജീവിക്കുക (ലിവിംഗ് വിക്ക് സ്റ്റാര്‍) പ്രോഗ്രാമിന്റെ ഭാഗമായാണ് സൂര്യനും ഭൂമിയും ഉള്‍പ്പെട്ട സംവിധാനത്തെ കൂടുതലായി പഠിക്കുകയെന്ന ലക്ഷ്യത്തോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വികസിപ്പിച്ചത്. ഇതിനോടകം തന്നെ വളരെ വിലപ്പെട്ട വിവരങ്ങള്‍ പാര്‍ക്കര്‍ ലോകത്തിന് നല്‍കിയിട്ടുണ്ട്. സൗരവാതത്തിന്റെ സ്രോതസ്സിനെ കുറിച്ചും കൊറോണയില്‍ നടക്കുന്ന കാന്തിക പ്രവര്‍ത്തനങ്ങളെ കുറിച്ചും കൂടുതലറിയാന്‍ സോളാര്‍ പ്രോബ് നല്‍കിയ വിവരങ്ങള്‍ സഹായകമായിട്ടുണ്ട്.
നിലവില്‍ പാര്‍ക്കര്‍ ശുക്രനിലേക്കുള്ള സഞ്ചാരപാതയിലാണ്. പാതയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തണമോ എന്ന കാര്യം പാര്‍ക്കര്‍ ടീം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആകെ ഏഴ് തവണ ശുക്രനരുകിലെത്തുകയെന്ന ലക്ഷ്യമാണ് പാര്‍ക്കറിനുള്ളത്. ഇതില്‍ അഞ്ചെണ്ണം പൂര്‍ത്തിയായി. സൂര്യന് ചുറ്റമുള്ള ഭ്രമണപഥം ക്രമപ്പെടുത്താന്‍ പാര്‍ക്കര്‍ ശുക്രന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിക്കുന്നുണ്ട്. ഭാവിയില്‍ സൗരോപരിതലത്തില്‍ നിന്നും 4.5 ദശലക്ഷം മൈലുകള്‍ക്കുള്ളിലുള്ള ഭ്രമണപഥമാണ് പാര്‍ക്കര്‍ ലക്ഷ്യമിടുന്നത്.
സൂര്യന്റെ അന്തരീക്ഷം, സൗരവാതങ്ങള്‍, കാന്തിക മണ്ഡലങ്ങള്‍ എന്നിവ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങളാണ് 2018ല്‍ വിക്ഷേപിച്ച സോളാര്‍ പേടകം ശേഖരിക്കുന്നത്. ഇവ ഭൂമിയുടെയും ബഹിരാകാശത്തെയും കാലാവസ്ഥയെ എത്തരത്തില്‍ ബാധിക്കുന്നുവെന്ന് പഠരിക്കാനാണ് ദൗത്യത്തിലൂടെ ശാസ്ത്രസമൂഹം ശ്രമിക്കുന്നത്.