മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് അജ്ഞാതൻ്റെ ഭീഷണി സന്ദേശം. കാമുകനെ തേടി നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻകാരി സീമ ഹൈദറിനെ നാട്ടിലേക്ക് തിരിച്ചയച്ചില്ലെങ്കിൽ 26/11 പോലെയുള്ള ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. വിളിച്ചയാൾ ഉറുദു ഭാഷയിലാണ് സംസാരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ജൂലായ് 12-നാണ് ഭീഷണി കോൾ ലഭിച്ചത്. ഉറുദു ഭാഷയിൽ സംസാരിച്ച ഇയാൾ 2008 നവംബർ 26-ന് മുംബൈയിൽ നടന്നതുപോലുള്ള ഭീകരാക്രമണം ആവർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഉത്തർപ്രദേശ് സർക്കാരാണ് ഇതിന് ഉത്തരവാദികൾ. സീമ ഹൈദറിനെ തിരിച്ചയച്ചില്ലെങ്കിൽ ഇന്ത്യ വൻ നാശം നേരിടേണ്ടി വരുമെന്നും അജ്ഞാതൻ പറഞ്ഞതായി മുംബൈ പൊലീസ് അറിയിച്ചു.
സംഭവത്തിൽ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ആപ്പിൻ്റെ സഹായത്തോടെയാണ് അജ്ഞാതൻ കോൾ ചെയ്തതെന്നും വിളിച്ചയാളുടെ ഐപി വിലാസം കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈ പൊലീസ് കൺട്രോൾ റൂമിൽ ഇത്തരം കോളുകൾ അടിക്കടി വരാറുണ്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള സീമ ഹൈദർ 2014 ൽ വിവാഹശേഷമാണ് കറാച്ചിയിലെത്തുന്നത്. നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം ജീവിക്കാനായാണ് സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലെത്തിയത്.
ഒന്നരമാസം മുന്‍പ് നാലുകുട്ടികളുമായാണ് ഇവര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടി. പിന്നീട് സീമ പാകിസ്താന് സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്നും വ്യക്തമായി. ഇതോടെ സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു.