ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം. യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. നിലവിൽ 205.5 മീറ്റർ ആണ് യമുന നദിയിലെ ജലനിരപ്പ്. വരുന്ന മണിക്കൂറുകളിൽ 5 സെന്റീമീറ്റർ മുതൽ 15 സെന്റീമീറ്റർ വരെ ജലനിരപ്പ് കുറയുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.
ഇതോടെ ജലനിരപ്പ് അപകടം നിലയ്ക്ക് താഴെയെത്തും. 5 ദിവസത്തിനുശേഷമാണ് യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് താഴെ എത്തുന്നത്. നദിയിലെ വെള്ളം കുറയുന്നതോടെ, ഡൽഹിയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം മുതൽ റോഡുകളിലെ വെള്ളക്കെട്ട് പമ്പുകൾ ഉപയോഗിച്ച് നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു.
യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഡൽഹി സാധാരണ നിലയിലേക്ക് എത്തുകയാണ് . പ്രധാന പാതകളിലെ വെള്ളക്കെട്ട് നീങ്ങി തുടങ്ങി. വെള്ളം നീങ്ങിയതോടെ പലറോഡുകളും തുറന്നുകൊടുത്തു. ഇന്ന് മുതൽ സർക്കാർ ഓഫീസുകൾ അടക്കം പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങും. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം പതിനെട്ട് വരെ അവധി നീട്ടി.
എന്നാല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയാണ്. ഇന്നലെ രാത്രിയോടെ യമുന നദിയിലെ ജലനിരപ്പ് 205.50 മീറ്ററിലേക്ക് എത്തിയിരുന്നു. അപകടനിലയായ് 205.33 മീറ്ററിന് മുകളില്‍ തന്നെ തുടരുന്നത് വെല്ലുവിളിയാകുന്നുണ്ട്. ഇന്നത്തോടെ അപകടനിലയ്ക്ക് താഴെയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ രാജ്ഘട്ട്, ആടിഒ ഏരിയ, സലിംഘര്‍ അണ്ടര്‍ പാസ്, മുഖര്‍ജി നഗറിലെ ചില മേഖലകള്‍, യമുന ബസാര്‍, ഹകികത് നഗര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച വികാസ് മാര്‍ഗ് ഉള്‍പ്പടെയുള്ള റോഡുകള്‍ തുറന്നു കൊടുത്തിട്ടുണ്ട്.